കേരളാ പൊലിസിന് തകര്‍പ്പന്‍ ജയം
പയ്യന്നൂര്‍: ഓള് ഇന്ത്യാ ഇന്‍വിറ്റേഷന്‍ വോളി വനിതാ വിഭാഗത്തില്‍ കേരളാ പൊലിസിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സായി തലശ്ശേരിയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ പൊലിസിന്റെ സമഗ്ര ആധിപത്യമായിരുന്നു. ടീം സെറ്റര്‍ നീതുവിന്റെ സമര്‍ഥമായ പന്തുകളില്‍ അഞ്ജു മോള് ഫിലിപ്പും ലിറ്റില്‍ ഫ്ളവര്‍ ഷാനിയും അഞ്ജുമോളും റോഷ്നയും ഒരു പോലെ തിളങ്ങിയപ്പോള്‍ ആദ്യ സെറ്റ് ഏകപക്ഷീയമായി(25-14). സായിയുടെ കടന്നാക്രമണത്തില്‍ രണ്ടും മൂന്നും സെറ്റുകളില്‍ പൊലിസ് താരങ്ങള്‍ വിരണ്ടു. ദേശീയ താരം മിനിമോള്‍ അബ്രഹാം, യൂത്ത് ഇന്ത്യന്‍ താരം അഞ്ജലി ബാബു എന്നിവരെ മുന്‍നിര്‍ത്തി സായി നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാന്‍ പൊലിസിനായില്ല. നാലാം സെറ്റിലും വിജയം നേടാമെന്ന സായിയുടെ പ്രതീക്ഷകളെ അപ്പാടെ തകര്‍ത്താണ് പൊലിസ് ഉജജ്വല തിരിച്ചുവരവ് നടത്തിയത്. 25-21ന് നാലാം സെറ്റ് പൊലിസ് നേടി. അഞ്ചാം സെറ്റില്‍ ഇരു ടീമുകളും അഞ്ച് പോയന്റ് നേടി ഒരു ഘട്ടത്തില്‍ സമനില നേടിയയെങ്കിലും തുടര്‍ന്ന് പൊലിസ് ആധിപത്യം ഉറപ്പിച്ചു. ഒടുവില്‍ 15-10ന് അഞ്ചാം സെറ്റും മത്സരവും കേരളാ പൊലിസ് നേടി. ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ കേരളാ പൊലിസും കെ.എസ്.ഇ.ബിയും രണ്ട് വീതം വിജയം നേടി ഫൈനല്‍ സാധ്യത നിലനിര്‍ത്തി.
രണ്ടാമത്തെ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഒ.എന്‍.ജി.സി ഇന്ത്യന്‍ നേവിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ന് വനിതാ വിഭാഗത്തില്‍ കേരളാ പൊലിസും കെ.എസ്.ഇ.ബിയും ഏറ്റുമുട്ടും. പുരുഷ വിഭാഗത്തില്‍ ഒ.എന്‍.ജി.സി ഇന്ത്യന്‍ റെയില്‍വെയും ഇന്ത്യന്‍ ആര്‍മി എസ്.ആര്.എം ചെന്നൈയെയും നേരിടും. പുരുഷവിഭാഗം സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."