കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ തിരിമറിയെന്നു പരാതി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ തിരിമറിയെന്നു പരാതി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ഗ്രാമസഭയിലാണു ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ തവണ മുന്‍ഗണനാ പട്ടികയിലുണ്ടായിരുന്ന പലരും ഇത്തവണ പുറത്തായെന്ന പരാതിയുമുണ്ട്. അതേസമയം ഒരേക്കറിനു മുകളില്‍ സ്ഥലമുള്ളവരും നാലു ചക്ര വാഹനമുള്ളവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടത്രേ. റേഷന്‍ കടയുടമകള്‍ തങ്ങള്‍ക്കിഷ്ടമുള്ളവരെ പട്ടികയില്‍ തിരുകി കയറ്റിയതായും ആക്ഷേപമുണ്ട്. അര്‍ഹരായ പലരും പുതിയ പട്ടികയില്‍ പുറത്താണുള്ളത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നു സീലടിച്ചു നല്‍കുകയും നവംബര്‍ മുതല്‍ അതുപ്രകാരം ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്ത കുടുംബങ്ങളാണു പുതിയ പട്ടികയിലില്ലാത്തത്.
നവംബറില്‍ പുറത്തിറക്കിയ പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചു നിരവധിപേരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ പഴയപട്ടികയിലുണ്ടായിരുന്നവര് പുറത്താകുകയായിരുന്നു.
പട്ടികയില്‍ നിന്നു പുറത്തായവരും അര്‍ഹരായ മറ്റുള്ളവരും ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."