'തെളിഞ്ഞ ആകാശത്തിന് കീഴെ ആ നേര്‍രേഖ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം...'
കൊണ്ടോട്ടി: തെളിഞ്ഞ ആകാശത്ത് നിന്ന് കരിപ്പൂരിലെ റണ്‍വേയുടെ നേര്‍രേഖ വീണ്ടും കണ്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം...
അഞ്ച് വര്‍ഷം മുന്‍പ് ഇതേ റണ്‍വേയില്‍ വിമാനമിറക്കിയതിന്റെ ഓര്‍മകള്‍ കൂടി പങ്കുവെക്കുകയായിരുന്നു ഇന്നലെ കരിപ്പൂരിലെത്തിയ ജംബോ വിമാനം നിയന്ത്രിച്ച വൈമാനികനായ ക്യാപ്റ്റന്‍ നിഥിന്‍ യാദവ്. സുരക്ഷിത ലാന്‍ഡിങ്ങിന് പര്യാപ്തമായ കരിപ്പൂരിലെ റണ്‍വേയെക്കുറിച്ച് മാത്രമാണ് ക്യാപ്റ്റന്‍ നിഥിന്‍ യാദവിനും സഹ പൈലറ്റ് നന്ദകിഷോര്‍ സുബ്രഹ്മണ്യനും പറയാനുണ്ടായിരുന്നത്.
റണ്‍വേയുടെ നീളത്തിന്റെ പകുതി മാത്രമാണ് തങ്ങള്‍ ലാന്‍ഡിങ്ങിന് ഉപയോഗിച്ചതെന്നും ഇവര്‍ പറഞ്ഞു.
2015 വരെ എയര്‍ഇന്ത്യയുടെ ജംബോ സര്‍വിസ് കരിപ്പൂരില്‍ ഇരുവരും ചേര്‍ന്ന് നിയന്ത്രിച്ചിട്ടുണ്ട്. അതിനാലാണ് പുതിയ സര്‍വിസിന്റെ ആദ്യ യാത്രക്ക് ഇവരെത്തന്നെ എയര്‍ ഇന്ത്യ തെരഞ്ഞെടുത്തത്. ഇന്നലെ രാവിലെ 7.05നാണ് കരിപ്പൂരില്‍ ജംബോവിമാനം ഇരുവരും ചേര്‍ന്ന് ഇറക്കിയത്. ലാന്‍ഡിങിന് ഒരു തടസവുമില്ലെന്നും കരിപ്പൂരില്‍ രാത്രിയിലും സുരക്ഷിതമായി ജംബോ വിമാനം ഇറക്കാമെന്നും ക്യാപ്റ്റന്‍ നിഥിന്‍ യാദവ് പറഞ്ഞു.
കരിപ്പൂരില്‍ ജംബോവിമാനത്തിന്റെ രാത്രി സര്‍വിസിന് നിലവില്‍ ഡി.ജി.സി.എ ആറുമാസം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജംബോ വിമാനത്തിന്റെ മുഴുവന്‍ ശേഷിയിലും നിലത്തിറങ്ങാനും പറന്നുയരാനും 2000 മീറ്റര്‍ റണ്‍വേ മതിയാകും. കരിപ്പൂരില്‍ 2,300 മീറ്ററാണ് റണ്‍വേയുടെ നീളം.
കരിപ്പൂരില്‍ തിരിച്ചെത്തിയ ജംബോ സര്‍വിസിലെ ആദ്യയാത്രക്കാരാവാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് മിക്കവരും പങ്കുവച്ചത്. കുറഞ്ഞ ടിക്കറ്റ് നിരക്കും ഒപ്പം കൂടുതല്‍ ലഗേജും വഹിക്കാമെന്നതിനാല്‍ സര്‍വിസ് പ്രവാസികള്‍ക്ക് ആശ്വാസമാണെന്ന് പുളിക്കല്‍ സ്വദേശി മുജീബ് റഹ്മാന്‍ പറഞ്ഞു.
45 മിനിറ്റ് വൈകിയാണ് ജിദ്ദയില്‍ നിന്ന് പുറപ്പെട്ടതെങ്കിലും കൃത്യസമയത്ത് തന്നെ വിമാനം കരിപ്പൂരിലെത്തിയതായി കൊണ്ടോട്ടി സ്വദേശിനി ഷാജിദ ബീവി പറഞ്ഞു. യാത്രക്കാരെ ജിദ്ദ കെ.എം.സി.സിയും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറവും ഹൃദ്യമായി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."