ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് പ്രതീക്ഷ
കൊണ്ടോട്ടി: വിദേശ രാജ്യങ്ങള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കാനുളള സഊദി ഗവണ്മെന്റിന്റെ തീരുമാനം ഇന്ത്യയ്ക്കു പ്രതീക്ഷ നല്കുന്നു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സഊദി ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 13 ശതമാനവും ഉംറക്ക് 30 ശതമാനവുമാണ് വര്‍ധന വരുത്തുന്നത്.
മക്കയില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഹജ്ജിന് 20 ശതമാനം സീറ്റുകളാണ് മൂന്നു വര്‍ഷമായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നഷ്ടമാകുന്നത്. ഇത് അടുത്തവര്‍ഷത്തോടെ പുനരാരംഭിക്കുന്നതോടൊപ്പം നിലവിലുള്ള ഹജ്ജ് വിസകള്‍ വര്‍ധിപ്പിക്കാനാണ് സഊദി ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് ഈ വര്‍ഷം ലഭിച്ചത് 1,36,020 ഹജ്ജ് സീറ്റുകളാണ്.
ബലികര്‍മത്തിന്
അപേക്ഷിക്കാത്തവര്‍ 2084 പേര്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ 2084 പേര് ഹജ്ജ് അപേക്ഷയില്‍ ബലികര്‍മ കൂപ്പണ്‍ വേണ്ടെന്ന് അറിയിച്ചവര്‍. ആകെ 9943 പേര്‍ക്കാണ് അവസരം ലഭിച്ചത്. അപേക്ഷ പരിശോധനയില്‍ നിന്നാണ് 2084 പേര് ബലികര്‍മ കൂപ്പണ്‍ വേണ്ടെന്ന് അറിയിച്ചത്. അപേക്ഷയില്‍ ഇതിന് പ്രത്യേക കോളമുണ്ടായിരുന്നു. ബലികര്‍മത്തിന് കൂപ്പണ്‍ അപേക്ഷിച്ചവര്‍ 8,160 രൂപ രണ്ടാംഗഡു പണത്തോടൊപ്പം അടക്കണം.അല്ലാത്തവര്‍ ഈ തുക ഒഴിവാക്കി അടച്ചാല്‍ മതി. ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ രണ്ടാംഗഡു പണം ജൂലൈ രണ്ടിന് മുന്‍പ് അടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."