ഡി.ജി.പിയുടെ 'ബുള്ളറ്റ് പ്രൂഫ്' കള്ളക്കളി; ഉത്തരവിറക്കി കൂട്ടുനിന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് നടത്തിയ ക്രമക്കേടിന് നിയമസാധുത നല്‍കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പുറത്ത്. ടെന്‍ഡര്‍ നടപടികളൊന്നും പാലിക്കാതെയും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയും 33 ലക്ഷം രൂപ മുന്‍കൂറായി കാര്‍ വിതരണക്കമ്പനിക്ക് നല്‍കിയ നടപടി സാധൂകരിച്ച് 2019 ജനുവരി അഞ്ചിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പൊലിസ് സേനയില്‍ നടക്കുന്ന ഫണ്ട് വകമാറ്റലിനും മറ്റും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ കാര്‍ വിതരണക്കാരായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സിന് നല്‍കിയതും ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതിരുന്നതും ക്രമക്കേടാണ്. ഇതിനു പുറമേ പൊലിസ് നവീകരണത്തിന്റെ ഫണ്ട് വകമാറ്റിയാണ് ആഡംബര കാര്‍ വാങ്ങിയതെന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. ഇതിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കി സാധൂകരണം നല്‍കിയിരിക്കുന്നത്.
ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതെയാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് കോര്‍പറേഷന്‍ ലിമിറ്റഡിന് കരാര്‍ നല്‍കിയതെന്ന് ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഓപണ്‍ ടെന്‍ഡറിലേക്ക് പോകാത്തതെന്ന ഡി.ജി.പിയുടെ വിശദീകരണം ആഭ്യന്തര വകുപ്പ് മുഖവിലക്കെടുക്കുന്നുവെന്നും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കിയാണ് 2017 ല്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."