കോക്ലിയര്‍ ഇംപ്ലാന്റേഷന്: ഉപകരണങ്ങളുടെ പരിപാലനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയ്ക്കു പുറത്തുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ അനുബന്ധ ഉപകരണങ്ങളുടെ പരിപാലനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ച്ചയായ ഉപയോഗം കാരണം കേള്‍വി ശക്തിക്ക് സഹായിക്കുന്ന പ്രോസസറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാറുണ്ട്.
ഇതിന്റെ അറ്റകുറ്റപ്പണിക്ക് വലിയ തുകയാണ് വേണ്ടിവരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഇതേറെ പ്രയാസമുണ്ടാക്കുന്നു. ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തവര്‍ക്ക് നിലവില്‍ ഉപകരണങ്ങള്‍ക്ക് വാറന്റി ലഭിക്കുന്നുണ്ട്. പദ്ധതിക്ക് വെളിയിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 25 വയസ് വരെയുള്ളവര്‍ക്കാണ് സൗജന്യമായി സഹായം നല്‍കുക. ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷര് സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കിക്കൊടുക്കുന്നതാണ് ശ്രുതിതരംഗം പദ്ധതി.
ഇതിന്റെ തുടര്‍ച്ചയായി ഉപകരണങ്ങളുടെ മെയിന്റനന്‍സിന് സഹായം ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."