സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതു തന്നെ; ഗുരുതരമായ സാഹചര്യമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പി.ടി തോമസ് സഭയില്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുമ്പ് അതിലെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഗുരുതരമായ വിഷയമാണെന്നും ഇതു സംബന്ധിച്ച് സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം തുടര്‍നടപടി ആലോചിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭയില്‍ എത്തിയതിനു ശേഷം റിപ്പോര്‍ട്ട് ചോരാന്‍ സാധ്യതയില്ല. ബജറ്റിലും നയപ്രഖ്യാപന പ്രസംഗത്തിലും ഉള്ളതുപോലെ കൃത്യമായ സുരക്ഷാസംവിധാനങ്ങളിലൂടെയാണ് സി.എ.ജി റിപ്പോര്‍ട്ടും സഭയുടെ മേശപ്പുറത്തെത്തുന്നത്. എങ്കിലും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിയമസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ എത്തുന്നതിനു മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നോ എന്നുകൂടി അന്വേഷിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും റിപ്പോര്‍ട്ട് ചോര്‍ന്നെന്ന വാദം ഉന്നയിച്ചിരുന്നു. ഈ മാസം 11നാണ് പി.ടി.തോമസ് പൊലിസ് വകുപ്പിനും ഡി.ജി.പിക്കുമെതിരേ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്. 12ന് സഭയില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശവും ഇതുതന്നെയായിരുന്നു. ഇതോടെയാണ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന ആരോപണമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."