ദുരന്തകാരണം ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അനാസ്ഥയെന്ന്
എരുമപ്പെട്ടി (തൃശൂര്‍): മൂന്ന് വനംവകുപ്പ് ജീവനക്കാരുടെ ദാരുണാന്ത്യത്തിന് ഇടവരുത്തിയത് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
അപകടം സംഭവിച്ച പ്രദേശത്തെ 420 ഹെക്ടറോളം വരുന്ന വനഭൂമി വര്‍ഷങ്ങളായി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ കൈവശമാണ്. പേപ്പര്‍ നിര്‍മാണത്തിനായി അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനാണ് കരാര്‍ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടു നല്‍കിയത്.
നാലു വര്‍ഷം മുന്‍പ് മരങ്ങള്‍ മുറിച്ച് മാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇക്കാരണത്താല്‍ പ്രദേശത്ത് പുല്ലും പാഴ് ചെടികളും വളര്‍ന്നു നിന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
എല്ലാ വേനലിലും കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് അടിക്കാട് വെട്ടി ഫയര്‍ ലൈന്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍ വിട്ടു നല്‍കിയ ഭൂമിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കമ്പനി നേരിട്ടാണ്.
ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ടു തവണ വനംവകുപ്പ് കത്തു നല്‍കിയെങ്കിലും ഇത് അവഗണിക്കുകയാണുണ്ടായതെന്ന് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.രാജേഷ് സുപ്രഭാതത്തോട് പറഞ്ഞു.
സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."