കണിയാമ്പറ്റ പഞ്ചായത്തിനെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതം: ഭരണസമിതി
കല്‍പ്പറ്റ: പഞ്ചായത്തില്‍ നടത്തി വരുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരേയും പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും സി.പി.എം ലോക്കല്‍ക്കമ്മിറ്റി അംഗമെന്ന പേരില്‍ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുന്ന വിധത്തില്‍ ചില ആളുകള്‍ പഞ്ചായത്തിനെതിരെ ആക്ഷേപങ്ങളുമായി പ്രവര്‍ത്തിക്കുകയാണ്. പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്നും കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവിടുന്നുവെന്നും തുടങ്ങി പഞ്ചായത്തിനും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ മുമ്പൊന്നും ഇല്ലാത്ത ആക്ഷേപങ്ങളുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍.
ജില്ലയില്‍ കണിയാമ്പറ്റ പദ്ധതി വിഹിതം ചെലവഴിക്കുന്നതിലും പദ്ധതിയേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തി വരുന്ന ഗ്രാമ പഞ്ചായത്താണ്. 2015-2016 വര്‍ഷത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ പഞ്ചായത്ത്. 2012-2013 ല്‍ 96 ശതമാനവും 2013-2014 ല്‍ 98 ശതമാനവും 2014-2015 ല്‍ 87 ശതമാനവും അംഗീകൃത പദ്ധതികള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടുണ്ട്.
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള നിര്‍മ്മല്‍ പുരസ്‌കാരവും ഈ പഞ്ചായത്തിന് ലഭിച്ചതാണ്. ഭരണസമിതിയില്‍ രാഷ്ട്രീയ കക്ഷി ഭേദമില്ലാതെയും അഭിപ്രായ വ്യത്യാസമില്ലാതെയും പദ്ധതികള്‍ ആവിഷ്‌കരിച്ച് നിയമാനുസൃത നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ സമയബന്ധിതമായി നിര്‍വ്വഹണം നടത്തുന്നതിന് തുടക്കും മുതല്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പദ്ധതി നിര്‍വ്വഹണത്തില്‍ പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സമയോചിത ഇടപെടലും ആത്മാര്‍ത്ഥ സഹകരണവും പഞ്ചായത്തിലെ വിവിധ നിര്‍വ്വഹണോദ്യോഗസ്ഥരുടെ സേവനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ചിട്ടയിലുള്ള പഞ്ചായത്ത് സെക്രട്ടറിതല പ്രവര്‍ത്തനത്തിന്റെ മികവിന്റെ ഫലമായിട്ടാണ് പഞ്ചായത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ച് പഞ്ചായത്ത് തയ്യാറാക്കിയ വാര്‍ഷിക പദ്ധതിക്ക് നിയമാനുസരണം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കിയാണ് പദ്ധതികള്‍ നടപ്പാക്കിയത്. പഞ്ചായത്ത് ഭരണസമതിയിലെ സി. പി.എം, സി.പി.ഐ പ്രതിനിധികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത് ഐക്യകണ്‌ഠേനയാണ് തീരുമാനമെടുക്കാറുള്ളത്.
പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളില്‍ യാതൊരാളും വിയോജനക്കുറിപ്പ് നല്‍കാത്തതുമാണ്. സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവാദം നല്‍കിയ വിധത്തിലുള്ള ഫണ്ട് വകമാറ്റം പഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്. എഞ്ചിനീയര്‍മാരുടെ സാങ്കേതിക ശുപാര്‍ശ പരിഗണിച്ചാണ് കെട്ടിട നിര്‍മ്മാണാനുമതികള്‍ നല്‍കുന്നത്. നിയമം മറികടന്ന് യാതൊരാള്‍ക്കും കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയിട്ടില്ല.
നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള അജ്ഞതയിലാണ് ഇവര്‍ ഇപ്രകാരം ആക്ഷേപങ്ങളുമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. പഞ്ചായത്തില്‍ നടത്തിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ഓഡിറ്റ് യഥാസമയം നടത്തിയിട്ടുണ്ട്. എ.ജി ഓഡിറ്റ് വിഭാഗം 2011-2012 മുതല്‍ 2014-2015 വരെയുള്ള കാലയളവിലും ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം 2013-2014 വരെയുള്ള കാലയളവിലും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം 2015-2016 വരെയുള്ള കാലയളവിലും ഓഡിറ്റുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയതാണ്. സാധാരണയില്‍ കവിഞ്ഞ പരാമര്‍ശങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇല്ലാത്തതുമാണ്.
പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചു കയറി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ആരോപണ വിധേയര്‍ക്കെതിരെ മാനന്തവാടി കോടതിയില്‍ കേസ് നിലവിലുണ്ട്. നാളിതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിച്ച് ഭരണമാറ്റത്തിന്റെ സ്വാധീനം പ്രയോജനപ്പെടുത്തി പ്രശ്‌നങ്ങളുണ്ടാക്കാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നും ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടറിക്ക് നിയമാനുസരണം ലഭ്യമാകുന്ന റിട്ടയര്‍മെന്റ് സംരക്ഷണം മുന്നില്‍കണ്ട് വിജിലന്‍സിലും മറ്റും പരാതി നല്‍കി കേസില്‍ കുടുക്കി സ്ഥലം മാറ്റാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്.
ഈ വസ്തുതകള്‍ സംസ്ഥാന മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സി.പിഎം സംസ്ഥാന സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, വിജിലന്‍സ് വകുപ്പ് ഡയറക്ടര്‍, മീനങ്ങാടി വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി, കണിയാമ്പറ്റ, കരണി ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരാതിയായി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, വൈസ് പസിഡന്റ് ഷീല രാമദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം ഫൈസല്‍, ശകുന്തള സജീവന്‍, ഇബ്രാഹിം കേളോത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."