അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 126 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ നൂറില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ കാര്‍ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയ്ദാന്‍ വര്‍ദക് പ്രവിശ്യയിലെ മയ്ദാന്‍ ഷഹ്‌റിലാണ് സംഭവം.
ആക്രമണത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. കാര്‍ബോംബ് സ്‌ഫോടനമുണ്ടായതിന് പിന്നാലെ സായുധരായ തീവ്രവാദികള്‍ ആസ്ഥാനത്തേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ലോഗാര്‍ പ്രവിശ്യ ഗവര്‍ണറുടെ വാഹനത്തെ ലക്ഷ്യമാക്കി താലിബാന്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഗവര്‍ണര്‍ രക്ഷപ്പെട്ടെങ്കിലും എട്ട് അംഗ രക്ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിലെ രഹസ്യന്വേഷണ ഏജന്‍സിയായ എന്‍.ഡി.എസിന്റെ പരിശീലന കേന്ദ്രമാണ് മെയദന്‍ ശാര്‍.
ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു. രാജ്യത്തെ ശത്രുക്കളുടെ തീവ്രവാദ ആക്രമണമാണിത്. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും നമ്മുടെ പ്രിയപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. 17 വര്‍ഷമായി തുടരുന്ന താലിബാന്‍ ആക്രമണത്തില്‍ സുരക്ഷാ സൈന്യത്തിനെതിരേയുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍ സര്‍ക്കാര്‍ മരണ നിരക്കുകള്‍ മറച്ചുവയ്ക്കുകയാണെന്നും പ്രദേശിക സര്‍ക്കാര്‍ പ്രതിനിധി ഷരീഫ് ഹോത് മാധ്യമങ്ങളോട് പറഞ്ഞു. കാബൂള്‍ നഗരത്തിലേക്ക് നിരവധി മൃതദേഹങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്.
പരുക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിലേക്കു മാറ്റി. ശക്തമായ സ്‌ഫോടനമാണുണ്ടായത്. കെട്ടിടം മുഴുവനായും തകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.
മരണ നിരക്ക് പൂര്‍ണമായി വെളിപ്പെടുത്തരുതെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. വസ്തുതകള്‍ മറച്ചുവയ്ക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടാവുന്നത്. അതിനിടെ യു.എസുമായി അനുരഞ്ജന ചര്‍ച്ചക്കില്ലെന്ന് താലിബാന്‍ ഇന്നലെ അറിയിച്ചിരുന്നു.
അഫ്ഗാനിസ്താനിലെ പ്രത്യേക യു.എസ് ദൂതന്‍ സല്‍മൈ ഖലീല്‍സാദുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ നീക്കം നടത്തുന്നതായി പാകിസ്താന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തള്ളിക്കൊണ്ടാണ് താലിബാന്‍ നേതൃത്വം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്.
നേരത്തെ യു.എസ് ആഭിമുഖ്യത്തില്‍ നടന്ന സമാധാന ചര്‍ച്ചയെ തുടര്‍ന്ന് താലിബാന്‍ അനുരഞ്ജനത്തിനു തയാറായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍നിന്ന് സല്‍മൈ ഖലീല്‍സാദ് പിന്മാറുകയും കരാര്‍ ലംഘിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."