ലോക കേരള സഭ: ആയിരക്കണക്കിന് രൂപ ചെലവുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ടെന്ന് വെച്ചേനെ; കഴിച്ച ഭക്ഷണത്തിന്റെ പണം തിരിച്ചു നല്‍കാമെന്ന് സോഹന്‍ റോയ്
തിരുവനന്തപുരം: രണ്ടാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂര്‍ത്ത് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാന്‍ തയാറാണെന്ന് ഏരിസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയി. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമാണെന്നാണ് കരുതിയതെന്നും ആയിരക്കണക്കിനു രൂപ ചെലവു വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കേരള സഭയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വന്‍തുക സര്‍ക്കാര്‍ ചെലവഴിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി സോഹന്‍ റോയ് എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് സോഹന്‍ റോയിയുടെ പ്രതികരണം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."