അപേക്ഷ പോലും നല്‍കാതെ ജെയ്റ്റ്‌ലിയുടെ മുന്‍ സെക്രട്ടറി വിവരാവകാശ കമ്മിഷനര്‍; വിവാദം
ന്യൂഡല്‍ഹി: പദവിയിലേക്ക് അപേക്ഷപോലും നല്‍കാതിരുന്ന മുന്‍ നിയമസെക്രട്ടറിയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് ചന്ദ്രയെ പുതിയ കേന്ദ്ര വിവരാവകാശ കമ്മിഷനര്‍ ആക്കിയത് വിവാദത്തിലേക്ക്.
കേന്ദ്ര ഉദ്യോഗസ്ഥ പരിശീലന മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പ്രകാരം വിവരാവകാശ കമ്മിഷനര്‍ പദവിയിലേക്ക് അപേക്ഷയായി ലഭിച്ച 280 പേരില്‍ സുരേഷ് ചന്ദ്രയില്ല. എന്നാല്‍ ഈ '280ല്‍ നിന്ന് ' തെരഞ്ഞെടുത്ത 14 പേരടങ്ങുന്ന ചുരുക്കപട്ടികയില്‍ സുരേന്ദ്രഷ് ചന്ദ്രയെ ഉള്‍പ്പെടുത്തുകയായിരുന്നു.
നേരത്തെ വാജ്‌പേയി സര്‍ക്കാരില്‍ അരുണ്‍ജെയ്റ്റ്‌ലിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ്, നവംബറിലാണ് നിയമമന്ത്രാലയ സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ചത്. അപേക്ഷനല്‍കിയിട്ടില്ലെന്ന കാര്യം സുരേഷ് ചന്ദ്ര തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യ വിവരാവകാശ കമ്മിഷണറായി (സി.ഐ.സി) സുധീര്‍ ഭാര്‍ഗവയെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഈ വിഷയത്തിലെ നിയമനരീതി പുറത്തായത്.
റിട്ട. കമാന്‍ഡര്‍ ലോകേഷ് ബത്രയും വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭാര്‍ഗവയും നല്‍കിയ കേസില്‍ സുപ്രിംകോടതി നിയമനത്തിന്റെ രീതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഈ പദവിയിലേക്ക് ലഭിക്കുന്ന അപേക്ഷകരില്‍നിന്നു മാത്രമെ അന്തിമ ചുരുക്കപട്ടിക തയാറാക്കാവൂവെന്ന് ഈ കേസില്‍ ഉദ്യോഗസ്ഥ പരീശലമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്.
ഈ സത്യവാങ്മൂലം നിലനില്‍ക്കെയാണ് അപേക്ഷിക്കുക പോലും ചെയ്യാതിരുന്നവരെ വിവരാവകാശ കമ്മിഷനര്‍ ആക്കിയതെന്നാണ് വിമര്‍ശനം.
വിവരാവകാശ കമ്മിഷനര്‍മാരെ നിയമിക്കുന്ന നടപടികളില്‍ സുതാര്യത വേണമെന്നാവശ്യപ്പെട്ട് മുന്‍ വിവരാവകാശ കമ്മിഷനര്‍ പ്രൊഫ. എം. ശ്രീധര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി.
മുന്‍ ഉദ്യോഗസ്ഥരെ മാത്രം ഈ പദവിയിലേക്കു പരിഗണിക്കാതെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും കൂടി ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
സുരേഷ്ചന്ദ്രയുടെ നിയമനം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."