ഇന്ത്യയിലെ സമ്പത്ത് ഒന്‍പത് ശതകോടീശ്വരന്മാരുടെ കൈകളില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതിസമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പതു ശതകോടീശ്വരന്‍മാര്‍ കൈയാളുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാമിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ 60 ശതമാനത്തോളം പേര്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 18 പുതിയ ശതകോടീശ്വരന്‍മാരാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.
കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്.
അതേസമയം രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വര്‍ധനവ് മൂന്നു ശതമാനം മാത്രമാണ്.
സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.
സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനം പറയുന്നു.
ഇപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച വിദ്യാഭ്യാസവും നിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനങ്ങളും ഇപ്പോഴും ഒരു ആഡംബരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഓക്‌സ്ഫാം ഇന്ത്യാ സി.ഇ.ഒ അമിതാഭ് ബെഹര്‍ പറയുന്നു.
ദരിദ്ര കുടുംബങ്ങളിലെ കുട്ടികളില്‍ പലരും അവരുടെ ഒന്നാമത്തെ പിറന്നാളിന് മുന്‍പുതന്നെ ആരോഗ്യ കാരണങ്ങളാല്‍ മരിക്കുന്നുണ്ട്.
സമ്പന്ന കുടുംബങ്ങളിലെ കുട്ടികളുടെ മരണനിരക്കിനേക്കാള്‍ കൂടുതലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."