'ശതം സമര്‍പ്പയാമി'; പണം പോയത് ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലായ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പുറത്തിറക്കുന്നതിന് തുടക്കമിട്ട പണപ്പിരിവ് യജ്ഞമായ ശതം സമര്‍പ്പയാമിക്കെതിരേ സാമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. 'ശതം സമര്‍പ്പയാമി' എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതോടെ രണ്ടുദിവസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയത് 5.71 ലക്ഷം രൂപ.
രണ്ടു ദിവസം മുന്‍പ് ശബരിമല കര്‍മസമിതി നേതാവ് കെ.പി ശശികല ഫേസ്ബുക്കിലൂടെയാണ് ജയിലിലായ പ്രവര്‍ത്തകര്‍ക്കായി സംഭാവന ആവശ്യപ്പെട്ടത്. 'ശതം സമര്‍പ്പയാമി' എന്ന ചലഞ്ചിന്റെ ഭാഗമായി കുറഞ്ഞത് നൂറു രൂപയെങ്കിലും നിക്ഷേപിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് കര്‍മസമിതിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ആഹ്വാനം. എന്നാല്‍, ശശികലയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറുതന്ത്രവുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി. ശതം സമര്‍പ്പയാമി ചലഞ്ചിന് ആഹ്വാനം ചെയ്ത ഡിജിറ്റല്‍ പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് വ്യാപക പ്രചാരണം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."