കെ.ടി ജലീല്‍ സി.പി.എമ്മിനെ ബ്ലാക്‌മെയില്‍ ചെയ്തു: യൂത്ത് ലീഗ്
കോഴിക്കോട്: ബന്ധുനിയമന വിഷയത്തില്‍ അന്വേഷണം നടക്കാത്തത് സി.പി.എമ്മും മുഖ്യന്ത്രിയും മന്ത്രി കെ.ടി ജലീലിന്റെ ബ്ലാക്‌മെയിലിനെ ഭയന്നിട്ടാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. എന്തുകാര്യം പറഞ്ഞാണ് ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയതെന്നത് തെളിവുകള്‍ ലഭിക്കുന്ന മുറക്ക് പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്ലാക്‌മെയില്‍ നടത്തിയ വിവരം യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ട്. സമാന രീതിയിലെ നിയമനങ്ങള്‍ മറ്റു മന്ത്രിമാരുടെ ഓഫിസിലും നടന്നു. ജലീല്‍ രാജിവയ്ക്കുമ്പോള്‍ മറ്റു മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടിവരുന്നതാണ് ജലീലിനെതിരേ കൂടുതല്‍ നടപടികള്‍ ഉണ്ടാകാത്തതിനു പിന്നിലുള്ള കാരണമെന്നും ഫിറോസ് ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി കെ.ടി ജലീലിന്റെ ബന്ധു അദീബിനെ നിയമിച്ചതിനെതിരേ മുസ്‌ലിം യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. 2018 നവംബര്‍ മൂന്നിന് നല്‍കിയ പരാതി വിജിലന്‍സ് ഡയരക്ടര്‍ നവംബര്‍ 28ന് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പരാതി നല്‍കി മൂന്നുമാസമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം.
ഇതുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് വിജിലന്‍സ് ഡയരക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കാന്‍ തയാറാകാത്തത് കോടതിയില്‍ ചോദ്യംചെയ്യുമെന്നുള്ള ഭയം കാരണമാണ്. കെ.ടി ജലീലിന്റെ രാജി ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപ്പോകാനാണ് ശ്രമം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കുവേണ്ടി മന്ത്രിസഭാ യോഗം പോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളതെന്ന് തുറന്നുപറയാന്‍ കാനം രാജേന്ദ്രന്‍ തയാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."