മൂന്നാം സീറ്റിനു ലീഗ് വാശിപിടിച്ചേക്കില്ല; ആവശ്യം ന്യായമെന്ന് അണികള്‍
#കെ. ജംഷാദ്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മൂന്നാം സീറ്റിനു വേണ്ടി വാശിപിടിക്കാനിടയില്ല. തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി യു.ഡി.എഫ് നേതൃത്വത്തെ ഔദ്യോഗികമായി സമീപിച്ചിട്ടില്ല. അണികളുടെ വികാരം ശമിപ്പിക്കാന്‍ പാര്‍ട്ടി മൂന്നാം സീറ്റിനായി ശക്തികുറഞ്ഞ ആവശ്യം ഉന്നയിച്ചേക്കുമെന്ന ആശങ്കയിലാണ് അണികള്‍.
നിയമസഭയിലേക്ക് 17 ശതമാനം സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 10 ശതമാനം സീറ്റ് മാത്രമാകുന്നതിന്റെ യുക്തിയെ അണികള്‍ ചോദ്യം ചെയ്യുന്നുണ്ട്. രാജ്യസഭയിലെ ഒരു സീറ്റ് ചേര്‍ത്താലും 10 ശതമാനം കവിയില്ലെന്നും ഇവര്‍ പറയുന്നു.
സിറ്റിങ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെ വീണ്ടും മത്സരിപ്പിക്കാനുള്ള പൊതുധാരണയിലാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം. മുത്വലാഖ് വിഷയത്തിലും മറ്റും ലോക്‌സഭയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇ.ടി മുഹമ്മദ് ബഷീറിനു ലീഗ് വിരുദ്ധ മുസ്‌ലിം സംഘടനകളുടെ പോലും പിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വീണ്ടും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ ജനവിധി തേടും.
പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെങ്കില്‍ ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി ലഭിക്കേണ്ടിവരും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഈ സൂചനയാണ് നല്‍കുന്നത്. അര്‍ഹതയുണ്ടായിരിക്കെ മൂന്നാം സീറ്റിന് പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുന്നില്ലെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.
എല്‍.ഡി.എഫിലെ രണ്ടാം മുന്നണിയായ സി.പി.ഐക്ക് നാല് എം.പിമാരുണ്ട്. ഈ സാഹചര്യത്തില്‍ ലീഗിന് മൂന്നു സീറ്റെങ്കിലും വേണ്ടേയെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. യു.ഡി.എഫില്‍ സമ്മര്‍ദം ചെലുത്തിയാല്‍ ലീഗിന് മൂന്നു സീറ്റ് ലഭിക്കുമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടേയും വിശ്വാസം.
ലീഗിനു സിറ്റിങ് സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം ഏറെയൊന്നും വേണ്ടിവരില്ലെങ്കിലും മലബാറില്‍ കോണ്‍ഗ്രസിനു വിജയിക്കാന്‍ ലീഗ് സഹായം അനിവാര്യമാണ്. ഇതു ചൂണ്ടിക്കാട്ടിയുള്ള സമ്മര്‍ദതന്ത്രം ലീഗിനു പ്രയോഗിക്കാം.
വയനാട് സീറ്റാണ് ലീഗിനു മുന്നിലുള്ളത്. വലിയ തോതില്‍ ന്യൂനപക്ഷ സാന്നിധ്യമുള്ള യു.ഡി.എഫിന്റെ ഉറച്ച സീറ്റാണ് വയനാട്. ഇതുവിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറാകുമോയെന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. കാസര്‍കോടാണ് അടുത്ത സാധ്യതയുള്ള സീറ്റ്. ഈ സീറ്റ് സി.പി.എമ്മില്‍ നിന്ന് തിരിച്ചുപിടിക്കാനാകുമെന്ന് ഉറപ്പുകൊടുക്കാന്‍ ലീഗിനു സാധിച്ചാല്‍ കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ തയാറായേക്കും.
എന്നാല്‍, ഇവിടെ പരീക്ഷണം നടത്താന്‍ ലീഗ് തയാറാകുമോയെന്ന് കണ്ടറിയണം. 140ല്‍ 24 സീറ്റുകളില്‍ മത്സരിക്കുന്ന ലീഗിന് ലോക്‌സഭയില്‍ കൂടുതല്‍ അര്‍ഹതയുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്.
കേരള കോണ്‍ഗ്രസ്(എം) കൂടുതല്‍ സീറ്റ് ചോദിച്ച പശ്ചാത്തലത്തില്‍ മൂന്നാം സീറ്റ് ലീഗ് ആവശ്യപ്പെടുമെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്താന്‍ പാര്‍ട്ടി ഒരുങ്ങില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."