മരുന്ന് പാക്കറ്റുകളില്‍ ഏപ്രില്‍ മുതല്‍ ബാര്‍കോഡ് നിര്‍ബന്ധം
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍വരുത്തിയ മരുന്നു നയത്തില്‍ ഭേദഗതി. ഏപ്രില്‍ മുതല്‍ ബാര്‍കോഡോ ക്യുആര്‍ കോഡോ മരുന്നുകളില്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ പുതിയ മരുന്നു നയത്തോടൊപ്പം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവും ഇറക്കി.
കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ഡിപാര്‍ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ ചട്ടം മരുന്ന് നയത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഏപ്രില്‍ ഒന്നു മുതല്‍ വിപണിയില്‍ ഇറക്കുന്ന എല്ലാ മരുന്നുകളുടെയും പാക്കില്‍ ക്യുആര്‍ കോഡോ ബാര്‍കോഡോ നിര്‍ബന്ധമാകും.
ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നിന് മന്ത്രാലയം ഇറക്കിയ ഉത്തരവിലെ 7-ാമത്തെ ഖണ്ഡികയിലാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഭേദഗതി വരുത്തിയത്. പുതുതായി കൂട്ടിച്ചേര്‍ത്ത ഖണ്ഡിക 7 (എ) പ്രകാരം ക്യുആര്‍ കോഡ്, ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ മരുന്നിന്റെ പേര്, തോത്, ബ്രാന്‍ഡ് നാമം, പരമാവധി ചില്ലറ വിപണിവില, നിര്‍മാതാവിന്റെ വിലാസം, ബാച്ച് നമ്പര്‍, നിര്‍മാണ തിയതി, കാലാവധി തിയതി, പ്രത്യേകം സൂക്ഷിപ്പ് നിര്‍ദേശം, നിര്‍മാതാവിന്റെ ലൈസന്‍സ് നമ്പര്‍ എന്നിവയാണ് ലഭിക്കേണ്ടത്.
ഉപഭോക്താവിന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ ലഭ്യമാകണമെന്നാണ് കേന്ദ്ര ജോയിന്റ് സെക്രട്ടറി നവ്ദീപ് റിന്‍വയുടെ ഉത്തരവിലുള്ളത്. ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും മെഡിക്കല്‍ കോര്‍പറേഷനുമാണ്. എന്നാല്‍, പുതിയ ഉത്തരവ് നടപ്പാക്കുന്നത് ചെലവ് കൂട്ടുമെന്ന് ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജെ. ജയശീലന്‍ പറഞ്ഞു. ഇതിനായി പ്രത്യേക യന്ത്ര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മരുന്നു നിര്‍മാണത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം പറയുന്നു. ക്യുആര്‍ കോഡുകള്‍ മൊബൈല്‍ വഴി സ്‌കാന്‍ ചെയ്യാനും അതിലടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനും കഴിയുന്ന മരുന്നു പാക്കറ്റുകളാണ് ഇനിയുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."