എരഞ്ഞോളി മൂസയുടെ ജീവിതം 'പാട്ടുപുസ്തകം' സിനിമയാക്കുന്നു
ജിദ്ദ: പ്രസിദ്ധ മാപ്പിളപ്പാട്ട് ഗയകനും അഭിനേതാവുമായ എരഞ്ഞോളി മൂസയുടെ ജീവിതം പാട്ടുപുസ്തകം എന്ന പേരില്‍ സിനിമയാക്കുന്നു. വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ജിദ്ദ മ്യൂസിക് ലവേഴ്‌സ് ഫോറം ആണ് രംഗത്തു വന്നിട്ടുള്ളത്. പട്ടുറുമാല്‍, പതിനാലാംരാവ് തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയനായ ജ്യോതി വെള്ളല്ലൂരാണ് പാട്ടുപുസ്തകം സിനിമ സംവിധാനം ചെയ്യുന്നത്. മറിമായം, എം-80 മൂസ തുടങ്ങിയ പരിപാടികളുടെ തിരക്കഥാകൃത്തായിരുന്ന എന്‍.പി സജീഷാണ് തിരക്കഥ. വി ലിവ് സിനിമയും, നാട്ടിലും ഗള്‍ഫിലുമുള്ള മ്യൂസിക് ലവേഴ്‌സ് ഫോറവും സംയുക്തമായാണ് സിനിമയുടെ നിര്‍മാണം നടത്തുന്നത്. ചടങ്ങില്‍ ജിദ്ദയിലെ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സംവിധായകന്‍ ജ്യോതി വെള്ളല്ലൂരും സംബന്ധിച്ചു.
എരഞ്ഞോളി മൂസയുടെ പ്രസിദ്ധമായ ഗാനം ജമാല്‍ പാഷ ആലപിച്ചു കൊണ്ടാണ് കൂട്ടായ്മ ആരംഭിച്ചത്. റാഫി കോഴിക്കോട്, അഷ്‌റഫ് വലിയോറ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. ഫോറത്തിന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ മജീദ് നഹ, സൈഫുദ്ദീന്‍, റജ്മല്‍ നിലമ്പൂര്‍, മുസ്തഫ തോളൂര്‍, നൗഫല്‍ എന്നിവരെ തെരഞ്ഞെടുത്തു.
സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട ജിദ്ദയിലെ ആദ്യ നിക്ഷേപം മനോജ് ഖാന്‍ ചടങ്ങില്‍ കൈമാറി. സിനിമയുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളിലും കേരളത്തിലും സാംസ്‌കാരിക, സംഗീതോത്സവങ്ങളും നടത്തും. കുഞ്ഞുമുഹമ്മദ്, ഷരീഫ് അറക്കല്‍, നജീബ് വെഞ്ഞാറമൂട്, മുസ്തഫ തോളൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈഫുദ്ദീന്‍ സ്വാഗതവും റജ്മല്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."