1000 കോടിയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി
#അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഈ മാസം 31ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ 1000 കോടിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതും കാരുണ്യ ചികിത്സാ പദ്ധതിയും സംയോജിപ്പിച്ചാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. കാസ്പ് (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) എന്നായിരിക്കും ഇതിന്റെ പേര്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി മെഡിസാപ്പ് എന്ന പേരില്‍ അറിയപ്പെടും. ഇത് ഏപ്രില്‍ മുതല്‍ ആരംഭിക്കും. കൂടാതെ പ്രളയാനന്തര നവകേരള നിര്‍മാണത്തിനുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. മദ്യത്തിന്റെ നികുതി കൂട്ടിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, മോട്ടോര്‍ വാഹന നികുതി കൂട്ടില്ല. ഇന്ധന നികുതി വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്‍പ് ഇന്ധനവില ഉയര്‍ന്നപ്പോള്‍ കുറവുചെയ്ത ഒരു രൂപ നികുതി സര്‍ക്കാര്‍ തിരികെകൊണ്ടുവന്നേക്കും.
ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന് മാറ്റംവരുത്താന്‍ കഴിയുന്ന പ്രധാന നികുതികള്‍ മദ്യത്തിന്റെയും ഇന്ധനത്തിന്റെയും മോട്ടോര്‍ വാഹനത്തിന്റെയുമാണ്. സര്‍ക്കാരിന് പണം ആവശ്യമുള്ളപ്പോഴൊക്കെ മദ്യത്തിന് വിലകൂട്ടുന്നുവെന്ന ആക്ഷേപം കണക്കിലെടുത്ത് ഈ വര്‍ഷം മദ്യ നികുതിയില്‍ മാറ്റം വരുത്തണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പ്രളയ പുനര്‍നിര്‍മാണ പാക്കേജ് നടപ്പാക്കാനും സാമ്പത്തിക പ്രതിസന്ധിയിലായതിനാലുമാണ് മദ്യത്തിനെ തന്നെ ആശ്രയിക്കാന്‍ ധനമന്ത്രി തീരുമാനിച്ചതെന്നാണ് സൂചന.
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കിയേക്കുമെന്നും സൂചനയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് സ്റ്റാംപ് ഡ്യൂട്ടി വര്‍ധന വേണ്ടന്നാണ് തീരുമാനം. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വലിയ ഉണര്‍വ് നല്‍കിയേക്കും. മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്കും സംസ്ഥാന ബജറ്റില്‍ സാധ്യതയുണ്ട്.
മൂന്നുമാസമായി ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യമില്ലാത്ത തലത്തിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞുപോകാതിരിക്കാനായി നിര്‍ത്തിവച്ചിരുന്ന വാറ്റ് നികുതി കുടിശിക പിരിക്കല്‍ പുനരാരംഭിക്കാനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മാപ്പാക്കല്‍ പദ്ധതി ഇത്തവണ കൂടുതല്‍ ഇളവുകളോടെ നടപ്പാക്കിയേക്കും. കഴിഞ്ഞ തവണ മാപ്പാക്കല്‍ പദ്ധതി പ്രകാരം 70 കോടി മാത്രമാണ് സര്‍ക്കാരിന് പിരിച്ചെടുക്കാനായത്. വാറ്റ് കുടിശികയായി 6,500 കോടിയോളം രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്.
അതേസമയം, ഒരു ശതമാനം പ്രളയ സെസ് ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. ഒരു ശതമാനം അധിക നികുതി പ്രളയ സെസായി ഈടാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. ഈ കാലയളവ് കൊണ്ട് 1,000 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാനാകുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
നവകേരള നിര്‍മാണത്തിന് ഈ തുക സര്‍ക്കാരിന് വിനിയോഗിക്കാനാകും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് ജി.എസ്.ടിക്കുമേല്‍ ചുമത്തുന്ന ഒരുശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഒരു ശതമാനം അനുമാന നികുതി നല്‍കുന്ന ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ ഈ സെസില്‍ നിന്ന് ഒഴിവാക്കും.
ഏതാണ്ട് നാല്‍പതിനായിരത്തോളം വ്യാപാരികള്‍ ഒരു ശതമാനം അനുമാന നികുതി നല്‍കുന്നുണ്ടെന്നാണ് കണക്ക്. ജി.എസ്.ടി റിട്ടേണുകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിനുപിന്നാലെ നികുതി വെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങും. 3,000 കോടി ഈ ഇനത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
കൂടാതെ വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെ നാലുവരിപ്പാത നിര്‍മിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടാകും. വെള്ളിയാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാവും ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിക്കുക. കേന്ദ്ര ബജറ്റിന് തലേന്ന് 31നാണ് സംസ്ഥാന ബജറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."