ഇന്ത്യയുമായി പൊതു തൊഴില്‍ കരാര്‍; സഊദി ശൂറാ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക്
ജിദ്ദ: ഇന്ത്യയും സഊദിയും തമ്മില്‍ തൊഴില്‍ കരാര്‍ ഒപ്പു വെക്കുന്നതിനെ കുറിച്ച് അടുത്താഴ്ച ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കാരാറില്‍ ഒപ്പു വെച്ചിരുന്നു. ഇതിനു പുറമെ പൊതു തൊഴിലാളികളുടെ കാര്യത്തില്‍ കരാര്‍ വേണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സഊദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് തിങ്കളാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക.
സഊദി തൊഴില്‍ മന്ത്രിയായിരുന്ന എന്‍ജിനീയര്‍ ആദില്‍ ഫഖീയാണ് 2014 ജനുവരി രണ്ടിന് ഡല്‍ഹിയിലെത്തി ഇന്ത്യയുമായി ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവെച്ചത്. മറ്റു തൊഴിലാളികളുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാര്‍ വേണമെന്ന് സഊദിയിലെ ഇന്ത്യന്‍ സമൂഹം ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. 40 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് സഊദിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സഊദിയിലെ ഏറ്റവും വലിയ വിദേശി സമുഹവും ഇന്ത്യക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."