അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍, രാഷ്ട്രീയ പ്രേരിതമെന്ന് ശിവകുമാര്‍
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കിരിലെ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.എസ് അജിയാണ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2011 മുതല്‍ 2016 വരെയാണ് വി.എസ് ശിവകുമാര്‍ മന്ത്രിയായിരുന്നത്. ഇക്കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. പേഴ്‌സണല്‍ സ്റ്റാഫിനെയും സുഹൃത്തുകളേയും ബിനാമികളാക്കി ശിവകുമാര്‍ സ്വത്തുകള്‍ സമ്പാദിച്ചെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വിജിലന്‍സ് പറയുന്നു.
അതേ സമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കിതില്‍ ഒരു പങ്കുമില്ലെന്നും വി.എസ് ശിവകുമാര്‍ പ്രതികരിച്ചു. ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിജിലന്‍സ് ആഘോഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേര്‍ കൂടി പ്രതിപട്ടികയിലുണ്ട്. എം.രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ആളാണ് ഷൈജു ഹരന്‍. 18.5.2011-നും 20.5 2016-നും ഇടയില്‍ പേഴ്‌സണ്‍ സ്റ്റാഫിന്റേയും സുഹൃത്തുക്കളുടെയും പേരില്‍ വിഎസ് ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."