ബംഗ്ലാദേശ് യുവതികളുടെ മോചനം; മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു
തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ഇരയായി നാട്ടിലേക്കു മടങ്ങാനാവാതെ കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന ബംഗ്ലാദേശ് യുവതികളെ സ്വദേശത്ത് എത്തിക്കുന്നതിനു ദേശീയ മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു. പ്രശ്നത്തില്‍ ഇടപെടുന്നതിനു പരിമിതികളുള്ളതിനാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആണ് ഇക്കാര്യത്തിനായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
11 ബംഗ്ലാദേശികള്‍ ആണു കോഴിക്കോട് ജില്ലാ ജയിലിലും മഹിളാമന്ദിരത്തിലുമായി കഴിഞ്ഞുവന്നിരുന്നത്. ഇവരില്‍ നാലുപേര്‍ സ്ത്രീകളാണ്. അതില്‍ മൂന്നുപേര്‍ ലൈംഗികപീഡനത്തിന് ഇരയായവരും. 11 പേരില്‍ ഏഴു പുരുഷന്മാരെ നേരത്തേ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിരുന്നു. സെക്സ് റാക്കറ്റാണു സ്ത്രീകളെ കേരളത്തിലെത്തിച്ചത്.
ലൈംഗിക പീഡനക്കേസിലെ പ്രതികള്‍ ഒളിവിലാണെന്നു പറയപ്പെടുന്നു. മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്നു സ്ത്രീകളാണ് ഈ കേസിലെ സാക്ഷികള്‍. അതേസമയം, പ്രതികളെ കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ യുവതികളെ സ്വദേശത്തേക്ക് അയക്കുന്നതെങ്ങനെയെന്ന സംശയത്തിലാണു പൊലിസ്.
നാലാമത്തെ യുവതി കോഴിക്കോട് തന്നെയുള്ള മറ്റൊരു മഹിളാമന്ദിരത്തിലാണുള്ളത്. ബംഗളൂരു പൊലിസ് അന്വേഷിക്കുന്ന ക്രിമിനല്‍കേസില്‍ സാക്ഷിയാണ് ഇവര്‍. രണ്ട് സംസ്ഥാനങ്ങളില്‍ നടന്ന കേസുകളായതിനാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷിക്കാന്‍ തടസമുള്ളതിനാലാണ് കേസ് ദേശിയ കമ്മിഷന് കൈമാറിയത്. ആം ഓഫ് ജോയ് എന്ന സന്നദ്ധസംഘടനയ്ക്കു വേണ്ടി ജി.അനൂപാണ് കമ്മിഷനെ സമീപിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം പി. മോഹന്‍ദാസ് 22നു പെണ്‍കുട്ടികള്‍ താമസിക്കുന്ന കോഴിക്കോട് മഹിളാമന്ദിരം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."