ഹോ..ചൂട്, ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്, മുന്‍കരുതലുകളെടുക്കണം
തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളത്തില്‍ ചൂട് കൂടാന്‍ സാധ്യതയെന്നു വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് അനുഭവപ്പെട്ട ചൂടില്‍ നേരിയ കുറവുണ്ടായി. 37.2 ഡിഗ്രി ചൂട് അനുഭവപ്പെട്ട കണ്ണൂരിലായിരുന്നു ഇന്നലെ ഏറ്റവും കൂടുതല്‍ താപനില. കഴിഞ്ഞ ദിവസം കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട കോട്ടയത്ത് (37.8) ഇന്നലെ ചൂട് 35.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ആലപ്പുഴയില്‍ (കഴിഞ്ഞ ദിവസം 36.8) 35.8, പാലക്കാട് (34.6) 34.8, പുനലൂര്‍ (36.6)37.2 എന്നിങ്ങനെയായിരുന്നു ചൂട്. ഇനിയുള്ള ദിവസങ്ങളില്‍ ചൂട് കൂടുമോ എന്ന കാര്യം വിശകലനത്തിനു ശേഷമേ പറയാനാകൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഇടനാഴികളിലൂടെ തമിഴ്നാട്ടില്‍നിന്നും ചൂടുള്ള കാറ്റ് കടന്നുവരുന്നതാണ് പാലക്കാടും പുനലൂരിലും ചൂട് കൂടാനുള്ള കാരണമായി പറയുന്നത്.
സമുദ്രത്തില്‍ ചൂട് കൂടിയതും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും ചൂട് കൂടുന്നതിനു കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൂട് വര്‍ധിക്കുന്നുണ്ടെന്നും അതാണ് ഈ വര്‍ഷവും സംഭവിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വിശദീകരിക്കുന്നു. 21, 22 തീയതികളില്‍ സംസ്ഥാനത്ത് മഴ ലഭിക്കാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഈ മഴയെ തുടര്‍ന്ന് ചൂടില്‍ വ്യതിയാനമുണ്ടാകാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."