വി.ടി മുരളി വടകരയുടെ ഹൃദയാദരം ഏറ്റുവാങ്ങി
വടകര: അന്‍പതാണ്ട് നീണ്ട പാട്ടുജീവിതം പിന്നിട്ട ഗായകന്‍ വി.ടി മുരളിക്ക് വടകരയുടെ ആദരം. എക്‌സല്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ (എഫാസ്) നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ടൗണ്‍ ഹാളില്‍ നടന്ന 'നീപാടും പൂമരം' സാംസ്‌കാരിക പരിപാടി മുരളിക്കുള്ള ഹൃദയാദരവായി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ തിങ്ങിനിറഞ്ഞ സദസില്‍ മുരളിക്ക് സ്‌നേഹോപഹാരം കൈമാറി.
അനുകരിക്കാന്‍ കഴിയാത്ത സംഗീതകാരനാണ് മുരളിയെന്ന് ജയചന്ദ്രന്‍ പറഞ്ഞു. തന്റെ ജ്യേഷ്ടസഹോദരനാണെന്നു പറഞ്ഞ ജയചന്ദ്രന്‍ മുരളിയെ സാഷ്ടാംഗം പ്രണമിച്ചാണ് ഉദ്ഘാടന പ്രസംഗത്തിലേക്ക് തിരിഞ്ഞത്. അയ്യായിരത്തോളം ഗാനങ്ങളടങ്ങിയ പാട്ടുപെട്ടി ജയചന്ദ്രന്‍ മുരളിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി. ടി. രാജന്‍ വി.ടി മുരളിയെ പരിചയപ്പെടുത്തി. മുരളിയുടെ 'വാക്കുകള്‍ പാടും നദിയോരം' പുസ്തകം പാലേരി രമേശന് നല്‍കി കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സിനിമാ നടന്‍ മാമുക്കോയ മുഖ്യാതിഥിയായി. ഡോ. എം.കെ മുനീര്‍, വി.ആര്‍ സുധീഷ്, കല്‍പ്പറ്റ നാരായണന്‍, പാലേരി രമേശന്‍ സംസാരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആഭിമുഖ്യവും സ്‌നേഹവുമാണ് തന്റെ സംഗീതജീവിതത്തിനു കരുത്തേകിയതെന്ന് ആദരവിനു മറുപടിയായി വി.ടി മുരളി പറഞ്ഞു. ടി.വി.എ ജലീല്‍ സ്വാഗതവും വിനോദ് അറക്കിലാട് നന്ദിയും പറഞ്ഞു. പ്രശസ്ത ഇടക്കവാദകന്‍ കൃഷ്ണകുമാര്‍ ഇടക്ക വായിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്.
'പാട്ടിന്റെ വഴികളില്‍' എന്ന സെമിനാര്‍ പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിനു പാട്ടുകള്‍ പാടണമെന്നില്ല, പ്രേക്ഷക ഹൃദയത്തില്‍ തൊടുന്ന പാട്ടുകള്‍ പാടുമ്പോഴാണ് ഒരു ഗായകന്‍ ശ്രദ്ധേയനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഗീത നിരൂപകന്‍ എം.ഡി മനോജ്, സി.എസ് മീനാക്ഷി സംസാരിച്ചു. ഇ. ജയകൃഷ്ണന്‍ അധ്യക്ഷനായി. കാനപ്പള്ളി ബാലകൃഷ്ണന്‍ സ്വാഗതവും യൂനുസ് വളപ്പില്‍ നന്ദിയും പറഞ്ഞു. സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."