കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരേ യു.എ.പി.എ
ശ്രീനഗര്‍: കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി പൊലിസ്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ഭരണകൂട വിലക്ക് നിലനില്‍ക്കുന്നതിനിടെ സ്വകാര്യ സമാന്തര ആപ്ലിക്കേഷനുകള്‍ (വി.പി.എന്‍) ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തി ജമ്മു കശ്മിര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. രോഗബാധിതനായി കഴിയുന്ന വിഘടനവാദി ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് നടപടി.
താഴ്‌വരയില്‍ അശാന്തി വിതയ്ക്കുംവിധം വിഭാഗീയ പോസ്റ്റുകളിട്ട ആളുകള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ചുമത്തിയിട്ടുള്ളതെന്നും കശ്മിരില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിച്ചവരാണിവരെന്നും പൊലിസ് പറയുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ എല്ലാ സാമൂഹ്യമാധ്യമങ്ങളും നിരോധിച്ച് ഫെബ്രുവരി 14ന് ജമ്മു കശ്മിര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യു.എ.പി.എ കൂടാതെ ഐ.ടി ആക്ടിന്റെ വിവിധ വകുപ്പുകളും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്.
370ാം വകുപ്പ് എടുത്തുകളഞ്ഞതിന് പിന്നാലെ പൂര്‍ണമായും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദു ചെയ്തിരുന്ന കശ്മിരില്‍ കഴിഞ്ഞ ജനുവരി 25നാണ് ഭാഗികമായി ഈ സേവനങ്ങള്‍ പുനസ്ഥാപിച്ചത്. 2ജി സംവിധാനങ്ങള്‍ പുനസ്ഥാപിച്ച ഭരണകൂടം സര്‍ക്കാര്‍ അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നുള്ളൂ. 3ജി, 4ജി സേവനങ്ങള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 24 വരെ തുടരുമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുംവിധം വി.പി.എന്‍ വഴി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെയാണ് പൊലിസ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."