യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്‍ ജീവപര്യന്തം തടവ്
2016 ജനുവരിയില്‍ ബദിയഡുക്ക പഡ്രെയിലെ രാമന്റെ മകള്‍ ആരതി നായകിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്
ബംഗളൂരു: കാസര്‍കോട് ബദിയഡുക്കയിലെ യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹനെ കര്‍ണാടക ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദക്ഷിണ കന്നഡയിലെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സഈദുന്നിസയാണ് കര്‍ണാടക ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന് മോഹന്‍ കുമാറിന് (സയനൈഡ് മോഹന്‍) ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചത്.
2016 ജനുവരിയില്‍ ബദിയഡുക്ക പഡ്രെയിലെ രാമന്റെ മകള്‍ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 20 കൊലപാതക കേസുകളില്‍ 19ാമത്തെ കേസാണിത്. കാസര്‍കോട് സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണ് ഇനി വിധി പറയാന്‍ ബാക്കിയുളളത്.
നിരവധി സ്ത്രീകളെ ചങ്ങാത്തത്തിലൂടെ ഒപ്പം കൂട്ടി ശാരീരിക ബന്ധത്തിന് ശേഷം സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി.
യുവതിയെ വിവാഹ വാഗ്ദാനം നല്കി മൈസൂരുവിലേക്ക് കൊണ്ടുപോയി ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനൈഡ് ഗുളിക നല്കി കൊലപ്പെടുത്തുകയായിരുന്നു. ഗുളിക കഴിച്ച ആരതി ബാത്ത് റൂമില്‍ വീണ് മരിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മോഹന്‍ ലോഡ്ജിലേക്ക് പോയി യുവതിയുടെ ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു.മുന്‍പ് അഞ്ച് കേസുകളില്‍ ഇയാള്‍ക്ക് വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തം തടവും വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."