മദ്യഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരിനൊപ്പം കുടുംബശ്രീയും
തിരുവനന്തപുരം: മദ്യഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. മദ്യത്തിനെതിരേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടാകും. സംസ്ഥാനത്ത് 39,87,023 കുടുംബശ്രീ അംഗങ്ങളാണുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. പുതിയ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഓരോ കുടുംബശ്രീ യൂനിറ്റില്‍ നിന്നും കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും പരിശീലനം നല്‍കാനാണ് തീരുമാനം. യൂനിറ്റിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ആരോഗ്യ മനഃശാസ്ത്രമേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കും. തദ്ദേശസ്വയംഭരണവകുപ്പ്, പൊലിസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്യത്തിനെതിരേയുള്ള ബോധവല്‍ക്കരണത്തോടൊപ്പം അനധികൃത മദ്യക്കച്ചവടം, കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം എന്നിവ പദ്ധതിയിലൂടെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."