യു.എ.പി.എ അറസ്റ്റ് അലന്‍ പരീക്ഷ എഴുതി സ്വന്തം ലേഖകന്‍
തലശ്ശേരി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ വിയൂര്‍ ജയിലില്‍ കഴിയുന്ന അലന്‍ ശുഹൈബ് കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ പരീക്ഷ എഴുതി. ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് പൊലിസ് സുരക്ഷയില്‍ അലനെ പാലയാട് കാംപസിലെത്തിച്ചത്. എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷയാണ് അലന്‍ എഴുതിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച ജനറല്‍ ഇംഗ്ലിഷ് പരീക്ഷ വൈകിട്ട് 4.30ന് അവസാനിച്ചു. അലന്റെ മാതാവ് സവിത മഠത്തിലും കാംപസില്‍ എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ വിയൂര്‍ ജയിലിലേക്ക് അലനെ തിരിച്ചുകൊണ്ടുപോയി. പരീക്ഷ എഴുതാന്‍ തടസമില്ലെന്നു ഹൈക്കോടതിയും കണ്ണൂര്‍ സര്‍വകലാശാലയും നിലപാടെടുത്തതോടെയാണ് അലനെ കാംപസിലെത്തിച്ചത്. ഈ മാസം 20, 24, 26, 28 തിയതികളിലാണു മറ്റു പരീക്ഷകള്‍. ഈ ദിവസങ്ങളിലും വീണ്ടും അലനെ കാംപസിലെത്തിക്കും.
കോടിയേരിയുടെ പ്രസ്താവന സി.പി.എം
കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമെന്ന്
കേസ് കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് അമിത്ഷായ്ക്ക് ഭീമഹരജി നല്‍കും
കോഴിക്കോട്: യു.എ.പി.എ കേസില്‍ വിചാരണതടവുകാരായി കഴിയുന്ന അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും കാര്യത്തില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ സംസ്ഥാന ഘടകം പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മിറ്റി കണ്‍വീനര്‍ ഡോ. ആസാദ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അലനും ത്വാഹക്കും നിയമസഹായം നല്‍കുമെന്നും കേസ് പാര്‍ട്ടി ഏറ്റെടുക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
അതിന് തടയിടുന്നതിനാണ് അറസ്റ്റിലായ അലന്‍, ത്വാഹ എന്നിവര്‍ മാവോയിസ്റ്റുകളാണെന്നും അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത്.
അലനും ത്വാഹയും ഉള്‍പ്പെട്ട കേസ് അത്രത്തോളം ഗുരുതരമല്ലെന്നും സംസ്ഥാന പൊലിസിന് തന്നെ കേസ് കൈമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനായി അമിത്ഷായ്ക്ക് എഴുതുകയും ചെയ്തു. അതിനു പിന്നാലെ അവരെ പുറത്താക്കിയെന്ന വാര്‍ത്തയുമായി കോടിയേരി പ്രത്യക്ഷപ്പെട്ടത് ദുരൂഹമാണ്. അലനും ത്വാഹക്കും ജാമ്യംപോലും കിട്ടരുത് എന്ന നിലപാടാണ് അതിന് പിന്നില്‍. ഡോ. ആസാദ് പറഞ്ഞു.
കേസ് കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് അമിത്ഷായ്ക്ക് ഭീമഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ രണ്ടാംവാരത്തില്‍ യു.എ.പി.എ വിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ. അജിത, എന്‍.പി ചെക്കുട്ടി, കെ.പി പ്രകാശന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."