മൂര്‍ക്കനാട് കീഴ്മുറിക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 65 കോടി
കൊളത്തൂര്‍: മങ്കട നിയോജക മണ്ഡലത്തിലെ മൂര്‍ക്കനാട് കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ് നിലനിര്‍ത്തുന്നതിന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സമര്‍പ്പിച്ച നിലാപറമ്പ്-കീഴ്മുറിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റില്‍ അംഗീകാരം. ഇതിനായി 65 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ഏറെക്കാലത്തെ ശ്രമത്തിനൊടുവിലാണ് ഈ വിവിധോദ്ദേശ പദ്ധതിക്ക് അംഗീകാരമാകുന്നത്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ലക്ഷ്യമനുസരിച്ച് മണ്ഡലത്തിലെ മൂര്‍ക്കനാട്, പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ് എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്. മിക്ക പ്രദേശങ്ങളിലും വിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയുമാണ്. എന്നാല്‍, പദ്ധതിക്കായി നിര്‍മിച്ച കിണറ്റില്‍ ഇതിന് ആവശ്യത്തിന് വെള്ളം ലഭ്യമാകാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്നാണ് കുന്തിപ്പുഴയില്‍ നിലാപറമ്പിന് സമീപം തടയണ നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നത്.
റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആവശ്യമായ വെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂര്‍ക്കനാട് നിലാകടവിന് താഴെ കീഴ്മുറിക്കടവില്‍ 160 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇതില്‍ 3.5 മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കും. കീഴ്മുറിയില്‍നിന്നു 10 കിലോമീറ്റര്‍ ദൂരം വെള്ളം കെട്ടിനില്‍ക്കും. ഇതിനാല്‍ മൂര്‍ക്കനാട്, പുലാമന്തോള്‍, പാലക്കാട് ജില്ലയിലെ വിളയൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളില്‍ കാര്‍ഷിക ആവശ്യത്തിനും ജലസേചന സൗകര്യം ലഭ്യമാകും. റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നതോടെ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാതയാണ് തുറക്കപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."