തൈക്കാട് മോഡല്‍ സ്‌കൂളിന് 'തീ പിടിച്ചു'
തിരുവനന്തപുരം: തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിച്ചെന്ന വാര്‍ത്ത ഉച്ചക്ക് ഒരുമണിയോടെ പ്രധാനാധ്യാപകന്‍ ആര്‍.എസ് സുരേഷ് ബാബു ഫയര്‍ ഫോഴ്‌സിനെ വിളിച്ചറിയിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് എല്ലാ സജ്ജീകരണങ്ങളുമായി തൈക്കാട് മോഡല്‍ സ്‌കൂളിലേക്ക് ഇരച്ചെത്തി.
നാട്ടുകാരും ഇതരസ്ഥാപനങ്ങളിലെ ജീവനക്കാരും അമ്പരന്ന് ഓടിയെത്തിയപ്പോള്‍ ഫയര്‍ഫോഴ്‌സ് കെട്ടിടത്തിലെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. താഴത്തെ നിലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഓഫിസ് സ്റ്റാഫുമൊക്കെ അപ്പോഴേക്കും രക്ഷപ്പെട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു.
മുകള്‍ നിലയിലെ എട്ടാം ക്ലാസിലെ നാലു കുട്ടികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന ക്ലാസ് ടീച്ചര്‍ സരിത ടീച്ചറുടെ നിലവിളി ഉയര്‍ന്ന ഉടന്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കെട്ടിടത്തിലേക്ക് ഇരച്ചു കയറി. പലതരത്തില്‍ മുറിവുകള്‍ പറ്റുകയും പൊള്ളലേല്‍ക്കുകയും ചെയ്ത നാലു കുട്ടികളെയും തോളില്‍ കയറ്റി പുറത്തു സുരക്ഷിതമായി എത്തിച്ചു.
തീരെ അവശനായ ഒരു അധ്യാപകനെ രണ്ടാം നിലയിലേക്ക് പുറത്തുനിന്ന് ഏണി വച്ച് ഫയര്‍ഫോഴ്‌സ് അകത്തു കയറി വടത്തില്‍ കെട്ടിയിറക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വലിയ ഓസില്‍ കെട്ടിടത്തിന് ചുറ്റും മുകളിലേക്കും വെള്ളം ചീറ്റി. അതോടെ ഗ്രൗണ്ടില്‍ നിറഞ്ഞു നിന്ന ആയിരത്തോളം വരുന്ന വിദ്യാര്‍ഥികളും അധ്യാപകരും കരഘോഷങ്ങള്‍ മുഴക്കി. പ്രധാനാധ്യാപകന്‍ ആര്‍.എസ് സുരേഷ് ബാബു സ്റ്റേഷന്‍ മാസ്റ്റര്‍ക്കും മറ്റു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു. അപ്പോഴാണ് കൂടി നിന്ന നാട്ടുകാര്‍ക്കും തൊട്ടടുത്ത വിദ്യാഭ്യാസ സ്ഥാപനമായ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ അധ്യാപകര്‍ക്കും ബി.എഡ് വിദ്യാര്‍ഥികള്‍ക്കും സംഗതി മോക്ഡ്രില്‍ ആണെന്ന് മനസിലായത്. സംസ്ഥാന ഫയര്‍ ഫോഴ്‌സ് വകുപ്പിന്റെ ദുരന്ത നിവാരണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് തൈക്കാട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'ഇവാക്വേഷന്‍ മോക്ഡ്രില്‍' സംഘടിപ്പിച്ചത്. പ്രധാനാധ്യാപകന്‍ ആര്‍.എസ് സുരേഷ് ബാബു, സീനിയര്‍ അധ്യാപകന്‍ ശ്യം കുമാര്‍, കായികാധ്യാപകന്‍ ന്യൂട്ടന്‍ ജോ , അധ്യാപകരായ ജെ.എം റഹിം, വി. സജീവ്, ഗോപകുമാര്‍ ഉണ്ണിത്താന്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."