ഫിറോസ്, താങ്കളെ തേടി വരരുതായിരുന്നു
അഹമ്മദാബാദിലെ അര്‍ഷ് കോളനിയിലുള്ള 42ാം നമ്പര്‍ വീട്ടില്‍ നിന്ന് അന്ന് രാത്രി പുറത്തിറങ്ങിയത് ഇനിയൊരിക്കലും ഈ മനുഷ്യന്റെ മുന്നിലിരിക്കേണ്ട ഗതികേട് വരുത്തല്ലേയെന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ്. അയാളെ കാണാന്‍ തീരുമാനിച്ച നിമിഷത്തെ വെറുത്തു. ഇടിഞ്ഞുവീഴാറായ ആ ഒറ്റമുറി കുടിലില്‍ ഫിറോസെന്ന കുറിയ മനുഷ്യന്‍ എനിക്കു മുന്നില്‍ തലകുനിച്ചിരിപ്പുണ്ടായിരുന്നു അതുവരെ. വിങ്ങിക്കരഞ്ഞ ഫിറോസിന്റെ തോളില്‍ വിരലമര്‍ത്തി പിന്നില്‍ നിന്ന ഭാര്യ ഷാഹിദ അയാളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ വിരലുകള്‍ ചേര്‍ത്ത് പിടിച്ച് അയാള്‍ തലകുനിച്ചിരുന്നു. അയാള്‍ അപ്പോഴും കരയുന്നുണ്ടോയെന്ന് അറിയുമായിരുന്നില്ല. യാത്ര പറഞ്ഞിറങ്ങുമ്പോഴും ഫിറോസ് തലയയുര്‍ത്തിയിരുന്നില്ല. ഫിറോസിനെ നിങ്ങളാരും അറിയാനിടയില്ല. എന്നാല്‍ കൗസര്‍ ബാനുവിനെ അറിയാത്തവരുണ്ടാവില്ല. ഗുജറാത്ത് വംശഹത്യക്കാലത്ത് നരോദാപാട്യയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത് കൊന്ന കൗസര്‍ ബാനുവിന്റെ ഭര്‍ത്താവാണ് ഫിറോസ്. മൂന്നു വര്‍ഷം മുമ്പുള്ള ഒരു ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ ചേരിയിലേക്ക് ഫിറോസിനെ തേടി ചെല്ലുമ്പോള്‍ ഗുജറാത്ത് വംശഹത്യ പിന്നിട്ടിട്ട് 15 വര്‍ഷം തികയാന്‍ പോകുകയായിരുന്നു.
15 വര്‍ഷം ഫിറോസ് എവിടെയുമുണ്ടായിരുന്നില്ല. വംശഹത്യയുടെ ഓര്‍മകളില്‍ നിന്ന് ഓടിയൊളിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. അര്‍ഷ് കോളനിയില്‍ ചെന്ന് ഫിറോസിനെ അന്വേഷിച്ചപ്പോള്‍ അല്‍പം മുമ്പ് അവിടെയുണ്ടായിരുന്നുവെന്ന് ആരോ പറഞ്ഞു. അയാള്‍ ധൃതിയില്‍ ഓട്ടോയെടുത്ത് പോകുന്നത് കണ്ടു. ഫോണുപയോഗിക്കില്ല. ഫിറോസിന്റെ വീട് കണ്ടുപിടിച്ചെങ്കിലും വീട്ടില്‍ ഇപ്പോഴത്തെ ഭാര്യ ഷാഹിദയും മൂന്ന് കുഞ്ഞുങ്ങളും മാത്രമാണുണ്ടായിരുന്നത്. ഫിറോസ് രാത്രി വൈകി വീട്ടില്‍ വരും. കാലത്ത് ഇറങ്ങിപ്പോകും. ചിലപ്പോള്‍ വളരെ വൈകിയാണ് വരിക. പിന്നീടു പലപ്പോഴും ഫിറോസ് വീട്ടില്‍ വന്നുപോയെന്ന് എന്നോട് ആരൊക്കെയോ വിളിച്ചു പറഞ്ഞു. തേടിയെത്തുമ്പോഴേക്കും അയാള്‍ അപ്രത്യക്ഷനായിരുന്നു. വാട്വയിലെ ഗലികളില്‍, ആലംനഗറിലെ ഓട്ടോത്തെരുവില്‍ അങ്ങനെ പലയിടങ്ങളില്‍ ഞാന്‍ ഫിറോസിനെ തേടി ദിവസങ്ങള്‍ നടന്നു. ഓരോ ഘട്ടങ്ങളിലും അറബിക്കഥകളിലെ ജിന്നിനെപ്പോലെ അയാള്‍ മറഞ്ഞുകൊണ്ടിരുന്നു. ഫിറോസിനെ കാണാതെ അഹമ്മദാബാദില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന് ഞാന്‍ ഭയന്നു. ഉറക്കത്തിലും ഉണര്‍ച്ചയിലും എന്നെ വേട്ടയാടുന്ന ഒന്നായി ഫിറോസ് മാറിയിരുന്നു.
കച്ചിലൂടെയുള്ള യാത്ര കഴിഞ്ഞ് വീണ്ടും അഹമ്മദാബാദിലെത്തിയതിന്റെ മൂന്നാംനാള്‍ പുലര്‍ച്ചെ, സുഹൃത്തും അഹമ്മദാബാദിലെ പൊതുപ്രവര്‍ത്തകനുമായ ഇഖ്‌റാം ശൈഖ് എന്റെ മുറിയില്‍ വന്നു. ഇന്ന് രാത്രി അര്‍ഷ് കോളനിയിലെത്തണം. അവിടെ സലിം ശൈഖിന്റെ മകളുടെ കല്യാണമാണ്. ഫിറോസ് കല്യാണത്തിന് വരാതിരിക്കില്ലെന്ന് ഇഖ്‌റാം പറഞ്ഞു. അന്ന് രാത്രി സലിം ശൈഖിന്റെ വീടിന് തൊട്ടടുത്തുള്ള 42ാം നമ്പര്‍ വീട്ടില്‍ ഫിറോസ് എനിക്കു മുന്നിലിരുന്നു. ഉയരം കുറഞ്ഞ് ക്ഷീണിച്ചു മെല്ലിച്ച രൂപം. തളര്‍ന്ന കണ്ണുകള്‍. ഗുജറാത്തിയല്ല ഫിറോസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്ന് കുടിയേറിയതാണ്. കൗസര്‍ ബാനുവും കര്‍ണാടകക്കാരിയാണ്. 2002ലെ വംശഹത്യയ്ക്ക് ഒരു വര്‍ഷം മുമ്പാണ് ഫിറോസ് 22കാരിയായ ഹിന കൗസര്‍ എന്ന കൗസര്‍ബാനുവിനെ വിവാഹം ചെയ്തത്. അവളെ ഗുജറാത്തിലേക്ക് കൊണ്ടുവന്നു.
എനിക്കൊന്നും ഓര്‍മയില്ല, ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. നിങ്ങള്‍ ചായ കുടിച്ചിട്ടു പോകൂ, എനിക്ക് നല്ല സുഖമില്ല. അതൊന്നും ഓര്‍ത്തെടുക്കാന്‍ വയ്യ. അകലേക്ക് നോക്കി അയാള്‍ പറഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കിടെ സുരക്ഷിതമെന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ ഫിറോസ് പതുക്കെ സംസാരിച്ചു തുടങ്ങി. എനിക്കവളെ അന്ന് രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ? എനിക്കറിയില്ല. ഞാന്‍ അതിനായി ശ്രമിച്ചതാണ്, നടന്നില്ല. മനുഷ്യര്‍ ചെയ്യുന്നതല്ല അവര്‍ അവളോട് ചെയ്തത്. 9 മാസം ഗര്‍ഭിണിയായിരുന്നു അവള്‍. നിരവധി പേര്‍ മതിവരുവോളം അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. വയറുകീറി കുഞ്ഞിനെ പുറത്തെടുത്തു കത്തിച്ചു. ചെകുത്താന്‍മാര്‍ പോലും ഇങ്ങനെ ചെയ്യില്ല. ഞാനതെക്കുറിച്ചൊന്നും ഇപ്പോള്‍ ആരോടും സംസാരിക്കാറില്ല- ഫിറോസ് പറഞ്ഞു. അക്കാലത്ത് നരോദാപാട്യയ്ക്കടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഫിറോസ്.
2002 ഫെബ്രുവരി 28ന് ഉച്ചയൂണു കഴിക്കാന്‍ ഫാക്ടറിയില്‍ നിന്ന് സൈക്കിളില്‍ വരികയായിരുന്നു ഫിറോസ്. എന്നാല്‍ നൂറാനി മസ്ജിദിനടുത്തുള്ള നരോദാപാട്യയിലേക്കുള്ള ഇടുങ്ങിയ വഴിയടച്ച് എഴുന്നൂറോളംവരുന്ന സംഘം ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നു. നിലവിളിച്ചുകൊണ്ട് ചിലര്‍ പുറത്തേക്കോടുന്നത് കണ്ടു. നൂറാനി മസ്ജിദ് കത്തിയെരിയുന്നത് കാണാമായിരുന്നു. ഹിന അവിടെയുണ്ട്. ഹിനമാത്രമല്ല, കുടുംബത്തിലേക്കുള്ള പുതിയ അതിഥിയെ സ്വാഗതം ചെയ്യാനെത്തിയ കൗസര്‍ബാനുവിന്റെ പിതാവും മറ്റു ബന്ധുക്കളും അവിടെയുണ്ടായിരുന്നു. അകത്തെന്താണ് നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഹിനക്ക് ഓടാന്‍ പോലും കഴിയില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. അക്രമികളുടെ കണ്ണില്‍പ്പെടാതെ അകത്തേക്ക് കടക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചു. സാധിച്ചില്ല.
ഹിന ഇവിടെയെത്തിയിട്ട് മാസങ്ങളെ ആയുള്ളൂ. അവള്‍ക്ക് ഈ സ്ഥലത്തെക്കുറിച്ച് അറിയില്ല. ഭാഷ പോലും അറിയില്ല. അക്രമികള്‍ വരുമ്പോള്‍ വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന അവളെ വലിച്ച് വീടിനു പുറത്തിട്ടാണ് ബലാത്സംഗം ചെയ്തത്. കൗസറിന്റെ സഹോദരന്‍ ഷാഹിദിന്റെ ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഷാഹിദും കൗസറിന്റെ പിതാവ് ഖാലിദ് നൂര്‍ മുഹമ്മദും രക്ഷപ്പെട്ടു. വീടിനു മുന്നില്‍ പൂര്‍ണ നഗ്‌നയായി കിടക്കുന്ന നിലയിലായിരുന്നു ഹിനയുടെ മൃതദേഹം. ഞാന്‍ ഒന്നേ നോക്കിയൂള്ളൂ. നിറവയറുള്ള മകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നതും വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുന്നതും കൊല്ലുന്നതും നൂര്‍ മുഹമ്മദ് ഒളിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു. അതിന്റെ ഭാരം താങ്ങാന്‍ അയാള്‍ അശക്തനായിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്നു അദ്ദേഹം. മൊഴിമാറ്റണമെന്ന ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയായിരുന്നു പിന്നീട്. പൊതുസമൂഹവും സമുദായവും നല്‍കിയ പിന്തുണയില്‍ അര്‍ഷ് കോളനിയിലെ വീട്ടില്‍ ആദ്യമെല്ലാം അബ്ബ ഉറച്ചു നിന്നു. എന്നാല്‍ അദ്ദേഹം തനിച്ചൊരു വീട്ടിലായിരുന്നു താമസം. അധികമാരോടും സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമ്മര്‍ദം കണ്ട് കര്‍ണാടകയിലേക്ക് തിരിച്ചു പോകാന്‍ ഞാന്‍ ഉപദേശിച്ചു. എന്നാല്‍, അബ്ബ പോയതോടെ ആരുമില്ലാതായി.
ഹിന മരിച്ചതിന് ശേഷം ഷാഹിദിനെ ഞാന്‍ കണ്ടിട്ടില്ല. സിറ്റിസണ്‍ നഗറിലെ മാലിന്യക്കൂമ്പാരത്തിലെ ഒറ്റമുറി വീട്ടില്‍ ഷാഹിദുണ്ടെന്ന് പിന്നീട് ഞാനറിഞ്ഞു. അയാള്‍ ഇപ്പോഴും അവിടെയുണ്ട്. എന്നാല്‍ എന്നെ കാണാന്‍ വന്നില്ല. അയാള്‍ ആരോടും സംസാരിക്കാറില്ലായിരുന്നു. നരോദാപാട്യയെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ ദേഷ്യപ്പെടാന്‍ തുടങ്ങും. കൗസര്‍ ബാനുവിനെ രക്ഷിക്കാത്തതിന് അയാള്‍ എന്നെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഞാനതിന് അശക്തനാണെന്ന് അവനറിയാഞ്ഞിട്ടല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുന്ന സ്വഭാവമായി മാറി ഷാഹിദിന്റേത്. എല്ലാവരോടും പക.
എല്ലാവരും തങ്ങള്‍ക്കെതിരായിരുന്നു. ഹിനയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിധിയെഴുതി. നുണയായിരുന്നു അത്. എല്ലാം അബ്ബ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഹിനയുടെ മൃതദേഹം ആശുപത്രിയിലെടുക്കുമ്പോള്‍ വയറ് പിളര്‍ന്നിരുന്നു. കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പൊലിസ് സഹായിച്ചില്ല. കോടതിയില്‍ മൊഴികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നത് പൊള്ളുന്ന അനുഭവമായിരുന്നു. മറന്നു തുടങ്ങിയതെല്ലാം വീണ്ടും വേട്ടയാടാന്‍ തുടങ്ങി. താന്‍ മാത്രമല്ല, അബ്ബയും ഷാഹിദുമെല്ലാം ഇത്തരത്തിലൊരു സമ്മര്‍ദങ്ങളുടെ സങ്കീര്‍ണതകളിലായിരുന്നു. ഓരോരുത്തരെയും അത് വീണ്ടും വീണ്ടും തകര്‍ത്തു.
തന്റെ ഭാര്യയെയും കുഞ്ഞിനെയും ബന്ധുക്കളെയും മാത്രമല്ല, വംശഹത്യ തന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തിയെന്ന് ഫിറോസ് പറയുന്നു. ഫാക്ടറിയിലെ ജോലി നഷ്ടമായി. വീടു നഷ്ടപ്പെട്ടു. കുറെക്കാലം മനോരോഗിയെ പോലെ അലഞ്ഞു. ഒടുവില്‍ അര്‍ഷ് കോളനിയിലെത്തി. ഇവിടെ എല്ലാവരും വംശഹത്യയുടെ ഇരകളായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാഹിദാ ബീഗത്തെ വിവാഹം കഴിച്ചു. മൂന്നുമക്കളുണ്ടായി. ഫിറോസിന്റെ ജീവിതകഥ ഷാഹിദയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഹിനയെക്കുറിച്ചോ വംശഹത്യയെക്കുറിച്ചോ അയാള്‍ ഒന്നും സംസാരിച്ചിരുന്നില്ല. എല്ലാം മറക്കാനാണ് ഷാഹിദയും ഉപദേശിച്ചത്. പക്ഷേ ഫിറോസ് ഒന്നും മറന്നില്ല. ഫിറോസ് പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. ഇനിയും കേള്‍ക്കാന്‍ വയ്യായിരുന്നു. അയാള്‍ ഒന്നു നിര്‍ത്തിയിരുന്നെങ്കിലെന്ന് തോന്നി. അയാളെ കാണേണ്ടിയിരുന്നില്ല.
ഫിറോസ് കഥ പറയുമ്പോള്‍ കൈയിലിരുന്ന നോട്ട്പാഡില്‍ ഒന്നും കുറിക്കാന്‍ പോലും കഴിഞ്ഞില്ല. അയാളുടെ ഫോട്ടോയെടുക്കാന്‍ കഴിയുമായിരുന്നിട്ടും എനിക്കതിന് ശക്തിയില്ലായിരുന്നു. ഫിറോസിന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ രാത്രി വൈകിയിരുന്നു. 50 ലധികം കുടുംബങ്ങളുണ്ട് അര്‍ഷ് കോളനയില്‍. വംശഹത്യയില്‍ നരോദാപാട്യയില്‍ നിന്നും ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ കെട്ടിയുണ്ടാക്കിയ ഷീറ്റ് കുടിലുകള്‍ കോളനിയായി രൂപം കൊണ്ടതാണ് അര്‍ഷ് കോളനി. എല്ലാ വീടുകളിലും ഹിനയോ ഫിറോസോ ഉണ്ട്. അവര്‍ക്കും പറയാന്‍ നെഞ്ച് നെടുകെ പിളര്‍ക്കുന്ന കഥയുണ്ട്. നിലാവുള്ള ആ രാത്രിയില്‍ എല്ലാം മറന്ന് സലിം ശൈഖിന്റെ വീട്ടില്‍ കല്യാണത്തിന്റെ പാട്ടിലും ആഘോഷത്തിലുമായിരുന്നു അപ്പോഴും അര്‍ഷ് കോളനി. ഗുജറാത്ത് വംശഹത്യക്ക് ഈ മാസം 18 വയസാണ്. ഹിനയുടെ കുഞ്ഞ് ജീവിച്ചിരുന്നെങ്കില്‍ അതിനും 18 ആകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."