മഞ്ചേരിയില്‍ കുടിവെള്ളത്തിന് 14 കോടി; ഫയര്‍സ്റ്റേഷന് 50 ലക്ഷം
മഞ്ചേരി: ബജറ്റില്‍ മഞ്ചേരിയോട് അവഗണനയും പരിഗണനയുമെന്നു വിലയിരുത്തല്‍. മഞ്ചേരി മെഡിക്കല്‍ കോളജ്, ഫയര്‍സ്റ്റേഷന്‍, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുണ്ട്. മഞ്ചേരിയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനായി 14 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ദുരന്തനിവാരണത്തിനു നേതൃത്വം നല്‍കുന്ന അഗ്നിശമനസേനയ്ക്കു 50 ലക്ഷം വകയിരുത്തിയതും പ്രതീക്ഷകള്‍ നല്‍കുന്നു. അതേസമയം, പയ്യനാട് സ്റ്റേഡിയത്തിനും ഗ്രാമപ്രദേശങ്ങളിലെ വികസനക്കുതിപ്പിനും ആക്കംകൂട്ടാന്‍ ബജറ്റില്‍ ഒന്നുമില്ലെന്നും വിമര്‍ശനമുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി സ്റ്റേഡിയം പേരിലൊതുങ്ങുകയാണ്.
രാത്രികാല മത്സരങ്ങള്‍ക്കു വേണ്ട വെളിച്ചമാണ് പ്രധാന പ്രശ്‌നം. നേരത്തെ പ്രതീക്ഷകളുണര്‍ത്തുന്ന തരത്തില്‍ പല പ്രഖ്യാപനങ്ങളുമുണ്ടായെങ്കിലും അവയൊന്നും യാതാര്‍ഥ്യമായില്ല. ട്രാക്കിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. മഞ്ചേരിയിലെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന നിരന്തര ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ബജറ്റില്‍ തുക വകയിരുത്തിയതോടെ മഞ്ചേരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."