ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കൊളീജിയവും ഉത്തരവാദി: എ.ജി ഒഴിവുകള്‍ നാലാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതികളോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ജഡ്ജിമാരുടെ ഒഴിവ് നികത്തുന്നത് വൈകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല സുപ്രിംകോടതി, ഹൈക്കോടതി കൊളീജിയങ്ങളും ഉത്തരവാദികളാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനിടെയാണ് എ.ജി ഇക്കാ ര്യം വ്യക്തമാക്കിയത്. തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 100 ദിവസമെടുക്കുന്നതിനെ വിമര്‍ശിക്കുന്ന ഹൈക്കോടതികള്‍ ഒഴിവുവന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ശുപാര്‍ശകള്‍ അയയ്ക്കുന്നതെന്നും എ.ജി വ്യക്തമാക്കി. തുടര്‍ന്ന് എത്ര ഒഴിവുകള്‍ നികത്താനുണ്ടെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
രാജ്യത്തെ കോടതികളിലെ 396 ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ഇതുവരെ 199 പേരുകള്‍ മാത്രമാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 2019ലെ നിയമനങ്ങളില്‍ കേന്ദ്രം തീരുമാനമെടുക്കാനെടുത്തത് ശരാശരി 127 ദിവസം മാത്രമാണ്. എന്നാല്‍, ഹൈക്കോടതികള്‍ പേരുകള്‍ നല്‍കിയ ശേഷം കൊളീജിയം ഇവരുടെ പേര് കേന്ദ്ര നീതിനിയമ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യാന്‍ 119 ദിവസമെടുത്തു. മന്ത്രാലയം 73 ദിവസത്തിനുള്ളില്‍ അപ്പോയ്‌മെന്റ് സമ്മറി തയാറാക്കി അയച്ചു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതിക്ക് 18 ദിവസം മാത്രമാണെടുത്തതെന്നും എ.ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."