ഭീമ- കൊറേഗാവ് കേസ് കേന്ദ്രത്തിന് കൈമാറില്ല
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി-കോണ്‍ഗ്രസ് സമ്മര്‍ദത്തിനൊടുവില്‍ മുന്‍ നിലപാടുകളില്‍ നിന്നു ചാഞ്ചാടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭീമ- കൊറേഗാവ് കേസ് കേന്ദ്രത്തിന് കൈമാറില്ലെന്നും എന്നാല്‍ എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍.ഐ.എക്ക് കൈമാറുന്നത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭീമ- കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
' ഭീമ- കൊറേഗാവ് കേസും എല്‍ഗാര്‍ പരിഷത്ത് കേസും രണ്ടാണ്. ദലിതുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഭീമ- കൊറേഗാവ്. ഇതിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടില്ല. കൈമാറുകയുമില്ല. ദലിതുകള്‍ക്ക് നീതിനിഷേധം ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്'- അദ്ദേഹം പറഞ്ഞു. എന്നാല്‍ 2017 ഡിസംബറില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് കോണ്‍ക്ലേവിന്റെ കാര്യം അങ്ങനെയല്ല. അവിടെ നടന്ന പ്രസംഗമാണ് പിറ്റേ ദിവസമുണ്ടായ ആക്രമണത്തിന് കാരണമെന്നും കോണ്‍ക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നുമാണ് പൂനെ പൊലിസ് ആരോപിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.
എല്‍ഗാര്‍ കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ കഴിഞ്ഞ ആഴ്ച പൂനെ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ഭീമ- കൊറേഗാവ്, എല്‍ഗാര്‍ പരിഷത്ത് കേസുകള്‍ എന്‍.ഐ.എയ്ക്ക് കൈമാറിയതു സംസ്ഥാനത്തെ മഹാ വികാസ് അഘാടി സഖ്യത്തില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായിരുന്നു. ഭീമ- കൊറേഗാവ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് കേന്ദ്രം ഏറ്റെടുത്തതെന്നായിരുന്നു നേരത്തെ ഉദ്ധവ് പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."