ആറ്റുകാല്‍ പൊങ്കാലക്ക് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം
തിരുവനന്തപുരം: ഫെബ്രുവരി 20ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് പൊങ്കാല മഹോത്സവം നടക്കുക. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോര്പറേഷന് വാര്‍ഡുകളില്‍ പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.
പൊങ്കാലയ്ക്കു വരുന്ന ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം, മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണം, പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്ക്കാന് അനുവദിക്കില്ല, ഇത്തരത്തില്‍ വില്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടും, പ്ലാസ്റ്റിക്കിനു പകരം ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാവുന്നതാണ് തുടങ്ങി നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ മുന്നോട്ട് വച്ചത്.
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ആംബുലന്‍സ്, മരുന്ന് എന്നിവ സഹിതമുള്ള മെഡിക്കല്‍ സംഘം ക്ഷേത്ര പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാകും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം വി.ആര് വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."