ഉപേക്ഷിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ നടപ്പാതയില്‍; മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിലെ നടപ്പാതയില്‍ കാല്‍നട യാത്രക്ക് പോലും തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന ഉപയോഗശൂന്യമായ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാറ്റാത്തതിനെ കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടറും ഫോര്‍ട്ട് പൊലിസ് അസിസ്റ്റന്റ് കമ്മിഷണറും വിഷയം പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 18ന് കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേള്‍ക്കും.
എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും നഗരസഭയുടെ ട്രാഫിക് ഉപദേശകസമിതി അംഗവുമായ പട്ടം ശശിധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. കെ.എല്‍ 15. 5289, കെ.എല്‍ 15. 5542 എന്നീ ബസുകളാണ് ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് നടപ്പാതയില്‍ ഉപേക്ഷിച്ചത്. താലൂക്ക് ഓഫിസിലും സപ്ലൈക്കോ പീപ്പിള്‍സ് ബസാറിലുമെത്തുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതുകാരണം നടപ്പാത ഉപയോഗിക്കാനാവുന്നില്ല. ഇവര്‍ കാല്‍നടയാത്രക്കായി റോഡ് കൈയേറുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുകയാണ്.
അധികാരസ്ഥാനങ്ങളില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ബസുകള്‍ പൊതുജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ ഇല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗപ്രദമാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."