രണ്ടും കല്‍പ്പിച്ച് എംപാനല്‍ കണ്ടക്ടര്‍മാര്‍; നഗരം പ്രതിഷേധച്ചൂടില്‍
തിരുവനന്തപുരം: രണ്ടും കല്‍പ്പിച്ചാണ് കെ.എസ്.ആര്‍.ടി.സിയില്‍നിന്നു പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സത്യഗ്രഹത്തിനും ശയന പ്രദക്ഷിണ സമരത്തിനും എത്തിയിരിക്കുന്നത്. എട്ടും പത്തും വര്‍ഷം പണിയെടുത്തിട്ട് പെട്ടെന്നൊരു ദിവസം ദിവസം പെരുവഴിയിലായവരുടെ പ്രതിഷേധച്ചൂടിലാണ് തലസ്ഥാന നഗരം. ഇന്നലെ രാവിലെ എട്ടോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ എത്തിത്തുടങ്ങിയിരുന്നു. പലരും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടി. പിരിച്ചുവിട്ടവരില്‍പെട്ട ആയിരത്തിലധികം പേരാണ് നീല യൂനിഫോമണിഞ്ഞ് ആദ്യദിനത്തില്‍ സമരപ്പന്തലില്‍ എത്തിയത്.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍നിന്ന് തുടങ്ങിയ ശയനനിര സെക്രട്ടേറിയറ്റിനു പിറകിലെ സൗത്ത് ഗേറ്റ് വരെ നീണ്ടു. രണ്ടു വരികളിലായി കൈകള്‍ കോര്‍ത്തുപിടിച്ച് വനിതകളടക്കമുള്ളവര്‍ ശയന പ്രദക്ഷിണ സമരത്തില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും സെക്രട്ടേറിയറ്റ് പരിസരം പ്രതിഷേധച്ചൂടിലാകും. ഒന്നുകില്‍ തൊഴില്‍ അല്ലെങ്കില്‍ നഷ്ടപരിഹാരം ഇതു രണ്ടുമില്ലാതെ മടങ്ങുകയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാര്‍. ഈ മാസം 25ന് നിയമസഭ തുടങ്ങുമ്പോള്‍ സമരം നിയമസഭക്കു മുന്നിലേക്ക് മാറ്റാണ് തീരുമാനം. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നറിയാതെ ആശങ്കയിലാണ് എല്ലാവരും. ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു തസ്തികകളില്‍ അപേക്ഷിക്കാനാകാത്ത വിധം പ്രായപരിധി കഴിഞ്ഞു. കൃത്യമായ നഷ്ടപരിഹാരമെങ്കിലും ലഭിച്ചില്ലെങ്കില്‍ മുന്നോട്ട് ജീവിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എല്ലാ കാലവും തൊഴിലാളികളെ പ്രതി ചേര്‍ത്ത് കെ.എസ്.ആര്‍.ടി.സിയുടെ കെടുകാര്യസ്ഥത പരിഹാരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എംപാനലുകാര്‍ ഓട് പൊളിച്ച് വന്നവരല്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമാനുസൃതം നിയമനം ലഭിച്ചവരാണ്. സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് തച്ചങ്കരിയാണോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ച ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
ശയന പ്രദക്ഷിണ സമരം കണക്കിലെടുത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ എം.ജി റോഡിന്റെ ഒരുഭാഗത്ത് പൊലിസ് പൂര്‍ണമായും ഗതാഗതം തടഞ്ഞു. എന്നാല്‍ സെക്രട്ടേറിയേറ്റിന്റെ സൗത്ത് ഗേറ്റിനു മുന്നില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നത് കുറച്ചുനേരത്തേക്ക് ഗതാഗതക്കുരുക്കിനിടയാക്കി.
വൈ.എം.സി.എ ഹാളിന് സമീപത്തുനിന്ന് വാഹനങ്ങളില്‍ വന്നവര്‍ അപ്രതീക്ഷിതമായി ശയന പ്രദക്ഷിണവും ആള്‍ക്കൂട്ടവും കണ്ട് ആശയക്കുഴപ്പത്തിലാവുകയും ചെയ്തു. ഇവിടെ സമരക്കാര്‍ തന്നെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."