ഹിന്ദുത്വ അജന്‍ഡയ്‌ക്കൊപ്പം വികസനം
അലഹബാദില്‍ നടന്ന ബി.ജെ.പി ദേശീയനിര്‍വാഹകസമിതി അംഗീകരിച്ച പ്രമേയത്തിലെ പ്രധാന ഉള്ളടക്കം ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതോടൊപ്പം വികസനമെന്നതാണ്. ഇതൊരിക്കലും സാധ്യമാകുകയില്ലെന്ന് ആര്‍ക്കാണറിയാത്തത്. ഇതറിയാതെയാണോ 2035 ല്‍ ഇന്ത്യ സ്വപ്നസമാനമായ അവസ്ഥയെ പ്രാപിക്കുമെന്നു കേന്ദ്ര-ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പറയുന്നത്.
2035 ആകുന്നതോടെ ഓരോ പഞ്ചായത്തിലും ഹെലിപാഡും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും സ്ഥാപിക്കുമെന്നും കുറഞ്ഞചെലവില്‍ വിമാനയാത്രാസൗകര്യമേര്‍പ്പെടുത്തുമെന്നും എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകള്‍ നിര്‍മിക്കുമെന്നും ചേരികളില്ലാതാക്കുമെന്നും കാലാവസ്ഥാവ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകളായിരിക്കും ഉണ്ടാവുകയെന്നും എല്ലാ വീട്ടിലും വൈദ്യുതി ഉറപ്പാക്കുമെന്നും തുടങ്ങി കേള്‍ക്കാന്‍സുഖമുള്ള ഒട്ടേറെ പദ്ധതികള്‍ 2035ല്‍ പ്രാവര്‍ത്തികമാകുമെന്നാണു കേന്ദ്രശാസ്ത്ര,സാങ്കേതികമന്ത്രാലയത്തിനു കീഴിലുള്ള ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാസ്റ്റിംങ് ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ (ടിഫാക്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബി.ജെ.പി ദേശീയനിര്‍വാഹകസമിതി പാസാക്കിയ പ്രമേയം വച്ചുനോക്കുമ്പോള്‍ ഇവ 2035 ല്‍ പ്രാവര്‍ത്തികമാകാനുള്ള വിദൂരസാധ്യതപോലുമില്ല. ഒരു ജനതയെ, ഒരു സമൂഹത്തെ, പാര്‍ശ്വവല്‍കരിച്ചുകൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ല. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ജീവമന്ത്രം വികലമാക്കി നാനാത്വത്തില്‍ ഏകശിലാരൂപമെന്ന അജന്‍ഡ പ്രാവര്‍ത്തികമാക്കാനാണു നിര്‍വാഹകസമിതി യോഗത്തിന്റെ തീരുമാനം. സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ ജനങ്ങളെ വിഭാഗീയമായി പരിവര്‍ത്തിപ്പിച്ചു ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കുകയെന്ന കുടില തന്ത്രവുമായാണ് അമിത്ഷാ മുന്നോട്ടു പോകുന്നത്.
വികസനം അജന്‍ഡയേയല്ല. അസമില്‍ പ്രയോഗിച്ചു വിജയംകണ്ട ഈ ഹീനതന്ത്രം ആറുമാസം കഴിഞ്ഞാല്‍ യു.പിയില്‍ പ്രയോഗിക്കാനുള്ള മുന്നൊരുക്കങ്ങളിലാണു ബിജെപി. 'ബി.ജെ.പി ഭാരതത്തിന്റെ വര്‍ത്തമാന കാല രാഷ്ട്രീയ കക്ഷി-ഭാവി രാഷ്ട്രീയ കക്ഷിയും' എന്ന പ്രമേയം ഈ ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണ്. കേന്ദ്രത്തിലെ ഭരണമുപയോഗിച്ചു ഹിന്ദുത്വ ഏകീകരണമെന്ന മാരകമായ യജ്ഞത്തിനൊരുങ്ങിയിരിക്കുന്ന ബി.ജെ.പി, ഇന്ത്യയെ ഏകശിലാരാഷ്ട്രമാക്കുകയെന്നതാണു ലക്ഷ്യംവയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാഷ്ട്ര സന്ദര്‍ശനവേളകളില്‍, ഇന്ത്യ ഒറ്റക്കെട്ടാണെന്നും ഇന്ത്യക്കാര്‍ ഒരേ മനസ്സോടെയാണു മുന്നോട്ടു പോകുന്നതെന്നും ഇന്ത്യയില്‍ ഒരുവിധ അസമത്വവുമില്ലെന്നും പ്രസംഗിക്കാറുള്ളതു ലോകശ്രദ്ധ തിരിക്കാനായിരിക്കണം.
ഇന്ത്യന്‍ രാഷ്ട്രീയത്തിനു നേരിട്ട ഈ അപചയത്തിന്റെ മുഖ്യകാരണം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാംവര്‍ഷത്തിലെത്തിയിട്ടും നിലംപതിച്ച പടുകുഴിയില്‍നിന്ന് എഴുന്നേല്‍ക്കാനുള്ള ഒരു ശ്രമവും ആ പാര്‍ട്ടിയില്‍ നടക്കുന്നില്ല. ഫാസിസത്തിന്റെ ഓരോരോ മുറകളുമായി ജനങ്ങള്‍ താദാത്മ്യംപ്രാപിക്കുമ്പോള്‍ സമ്പൂര്‍ണഫാസിസത്തിനു വഴിയൊരുക്കാന്‍ ഏറെത്താമസുമുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവുംവലിയ ജനാധിപത്യപ്പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ലക്ഷണം കാണിക്കുന്നുമില്ല.
2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണു ബി.ജെ.പി നഗ്നമായ വര്‍ഗീയതയും വിഭാഗീയതയും പയറ്റുവാന്‍ തുടങ്ങിയത്. ലൗജിഹാദ് എന്ന കള്ളപ്രചാരണത്തിലൂടെ യു.പിയിലെ മുസ്‌ലിം വിഭാഗത്തിനെതിരേ ഹിന്ദുസമൂഹത്തില്‍ ആശങ്ക വളര്‍ത്തി. ഇതിന്റെ ഫലമായിട്ടാണു മുസഫര്‍നഗറില്‍ കലാപംപൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഗുണം ബി.ജെ.പിക്കു ലഭിക്കുകയും ചെയ്തു. ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 74 ഉം ബി.ജെ.പി കരസ്ഥമാക്കി. കള്ളപ്രചാരണത്തിലൂടെ വോട്ടുബാങ്ക് വര്‍ദ്ധിപ്പിക്കാമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി മനസിലാക്കി.
അതേതന്ത്രമാണു വരാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പിലും പ്രയോഗിക്കാനിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു യു.പിയിലെ ഷാംലി ജില്ലയിലെ കൈരാനയില്‍നിന്നു നൂറുകണക്കിനു ഹിന്ദുക്കള്‍ മുസ്‌ലിംഭീഷണിയെത്തുടര്‍ന്നു പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന വ്യാജവാര്‍ത്ത പ്രചരിക്കാന്‍തുടങ്ങിയത്. മുസഫര്‍ നഗറില്‍ കലാപം ആസൂത്രണംചെയ്ത ഹുകുംസിങ് ബി.ജെ.പി എം.പിയാണു കൈരാനാ പലായനവ്യാജവാര്‍ത്തയുടെ പിന്നില്‍. ആ വാര്‍ത്തവന്നയുടനെത്തന്നെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നിര്‍വാഹകസമിതി സമാപനറാലിയില്‍ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
ബി.ജെ.പി കൈയുംകെട്ടി നോക്കിനില്‍ക്കുകയില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആക്രമണത്തിനുള്ള സൂചനയായി വേണം കാണാന്‍. ഇതേ തന്ത്രമായിരുന്നു 2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും നടത്തിയത്. ഗുജറാത്ത് കലാപത്തിനു വഴിയൊരുക്കാനായി ഗോധ്രസംഭവത്തിന്റെപേരില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തി കലാപമഴിച്ചുവിടുകയായിരുന്നു. അതിന്റെ മറ്റൊരുരൂപമാണ് കൈരാന പലായന വ്യാജവാര്‍ത്തയുടെ പേരില്‍ അമിത്ഷാ നടത്തുന്ന ഭീഷണി. സത്യം നടന്നെത്തുന്നതിനു മുമ്പു കള്ളം പറന്നെത്തുമെന്ന ചൊല്ലിനെ അടിസ്ഥാനമാക്കിയാവണം ബി.ജെ.പി നേതൃത്വം യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്രയധികം കള്ളത്തരങ്ങള്‍ വിളിച്ചുപറയുന്നത്.
ഇരുപതുവര്‍ഷംമുമ്പു മരിച്ചവരും മെച്ചപ്പെട്ട തൊഴില്‍തേടിപ്പോയവരും കൈരാനയില്‍ താമസംതുടരുന്നവരുമായ വ്യക്തികളുടെ പേരുചേര്‍ത്തു പട്ടികതയാറാക്കിയാണു ഹുകുംസിങ് എം.പി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. വസ്തുതാന്വേഷണത്തില്‍ ഇതെല്ലാം കളവാണെന്നു ഷാംലി ജില്ലാപൊലിസ് മേധാവി വിജയ്ഭൂഷണ്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരിക്കുകയാണ്. ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തുപോയി അന്വേഷിച്ച തഹസില്‍ദാര്‍മാര്‍ക്കും മറ്റൊരു അഭിപ്രായമല്ല നല്‍കാനുണ്ടായിരുന്നത്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ആട്ടിറച്ചിയല്ല പശുവിറച്ചിതന്നെയാണു സൂക്ഷിച്ചിരുന്നതെന്നു മഥുര ഫോറന്‍സിക് ലബോറട്ടറിയില്‍നിന്നു തെളിഞ്ഞുവെന്ന കള്ളപ്രചരണവും ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ആസൂത്രിതമായി നടത്തുന്നുണ്ട്.
അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാം യു.പി തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണിത്. ഇത്തരം അജന്‍ഡകളുടെ സൂക്ഷിപ്പുകാര്‍ക്ക് എങ്ങിനെയാണു വികസനംകൊണ്ടുവരാനാവുക. അസഹിഷ്ണുതയും വിഭാഗീയതയും സര്‍ക്കാര്‍തലത്തില്‍ത്തന്നെ നടത്തുമ്പോള്‍ വ്യവസായസംരംഭകര്‍ മോദി സര്‍ക്കാറിനെ വിശ്വസിച്ച് എങ്ങിനെ ഇന്ത്യയില്‍ മുതല്‍മുടക്കും? സ്വതന്ത്രമായ ആശയാവിഷ്‌കാരത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കും മരണവാറന്റ് പുറപ്പെടുവിച്ചു നില്‍ക്കുന്ന സംഘ്പരിവാര്‍ സംഹാരരുദ്രരായി നില്‍ക്കുമ്പോള്‍ ഒരുകാലത്തും ഇന്ത്യ അഭിവൃദ്ധിപ്പെടാന്‍ പോകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."