വില്ലേജ് ഓഫിസുകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റണം: മന്ത്രി
മൂവാറ്റുപുഴ: വില്ലോജ് ഓഫിസുകളെ ജന സൗഹൃദ കേന്ദ്രങ്ങളാക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ സമീപനവും മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. വെള്ളൂര്‍ക്കുന്നം സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴെ തട്ടിലുള്ള റവന്യൂ അധികാര കേന്ദ്രങ്ങളെന്ന നിലയില്‍ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വില്ലേജ് ഓഫിസുകളെയാണ്. അതുകൊണ്ട് തന്നെ ഓരോ ഫയലും ഒരോ ജീവിതമാണെന്ന സര്‍ക്കാര്‍ നയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. കാലപ്പഴക്കം ചെന്ന മുഴുവന്‍ ഓഫിസുകളും ഘട്ടം ഘട്ടമായി നവീകരിച്ച് സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ജില്ലയിലെ വെള്ളൂര്‍ക്കുന്നം അടക്കമുള്ള വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ടാക്കുന്നത്. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ജില്ലാതലത്തിലുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. രേഖകള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള ഓഫിസുകളും ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുളളളതും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വില്ലേജ് ഓഫിസുകള്‍ നവീകരിക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്.
ഭൂരഹിതര്‍ക്ക് ഭൂമി, വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിന്റെ പൂര്‍ത്തീകരണത്തിനായി ഇതിനോടകം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയത്. മലയോര മേഖലയിലെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ഇഛാശക്തിയോടെയുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും പൊതുജന സഹകരണവുമാണ് പ്രളയകാലത്തടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷനായി. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആലീസ്.കെ.ഏലിയാസ്, ലീല ബാബു, വള്ളമറ്റം കുഞ്ഞ്, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, അംഗം പായിപ്ര കൃഷ്ണന്‍, പി.എ ബഷീര്‍, വി.കെ മണി, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള സ്വാഗതവും ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ നാല് ഭൂരഹിതര്‍ക്ക് പട്ടയവും രണ്ട് പേര്‍ക്ക് കൈവശ രേഖയും മന്ത്രി നല്‍കി. പ്രളയത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."