ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് 36 കോടി
തേഞ്ഞിപ്പലം: സംസ്ഥാന ബജറ്റില്‍ ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കംബ്രിഡ്ജിന് 36 കോടി രൂപ അനുവദിച്ചതായി വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍.എ പി അബ്ദുല്‍ഹമീദ് അറിയിച്ചു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് അന്നത്തെ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ശ്രമഫലമായി യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അരുമ്പോത്തിങ്ങല് കടവില്‍ ബ്രിഡ്ജ് ഇടംപിടിച്ചിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട് കടവിനരികെ വള്ളിക്കുന്ന് , തേഞ്ഞിപ്പലം കരകളിലും പുഴയിലും മണ്ണു പരിശോധനയടക്കമുള്ള പ്രവൃത്തികള്‍ നടന്നു കഴിഞ്ഞതാണ്.
1984ല്‍ കടത്തുതോണി മറിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് ഇരുമ്പോത്തിങ്ങല്‍ കടവില്‍ പാലം നിര്‍മിക്കണമെന്ന മുറവിളി ഉയര്‍ന്നത്. മണ്ണട്ടംപാറ അണക്കെട്ട് കാലപ്പഴക്കം കാരണം തകര്‍ച്ചാഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പുതിയ ബ്രിഡ്ജ് വരുന്നത് തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍ പാഞ്ചായത്തുകളിലെ നിരവധിയാളുകള്‍ക്ക് ഏറെ പ്രയോജനപ്പെടും.
പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ അഞ്ചു കോടി, ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ചേളാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനും മൂന്ന് കോടി രൂപ വീതവും അനുവദിച്ചതായും പി അബ്ദുല്‍ഹമീദ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."