പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസിന് 100 കോടി
തിരൂരങ്ങാടി: സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികള്‍. പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപ്പാസ് റോഡിന് സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. സ്വപ്നപദ്ധതിയായ പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മാണത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പണം തികയാത്തമുറയ്ക്ക് ആവശ്യപ്പെടുന്ന പക്ഷം വീണ്ടും പണം അനുവദിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭൗതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍, പുതുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരപ്പനങ്ങാടി, നെടുവ ഗവ. ഹൈസ്‌ക്കൂള്‍,തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
തിരൂരങ്ങാടി നിയോജക മണ്ഡലം തെന്നല പഞ്ചായത്തിലെ പൂക്കിപറമ്പില്‍ നിന്നു നന്നമ്പ്ര പഞ്ചായത്തിലൂടെ തിരൂരങ്ങാടി നഗരസഭയിലെ പതിനാറുങ്ങല്‍ മലപ്പുറം പരപ്പനങ്ങാടി റോഡുമായി ബന്ധിപ്പിക്കുന്നതാണ് ബൈപാസ് റോഡ്. സ്വതന്ത്ര ഫണ്ടിങ് ഏജന്‍സിയായ കിഫ്ബിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബൈപാസിന് 100 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ഇവിടെ സ്ഥലം ഏറ്റെടുത്ത് പുതിയ റോഡ് നിര്‍മിക്കുന്നതിനാണ് സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നത്.
ഇത് പരിഗണിച്ചാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ബൈപ്പാസിന് 100 കോടി രൂപ പ്രഖ്യാപിച്ചത്. തെന്നല പൂക്കിപറമ്പില്‍ നിന്നും അറക്കല്‍, കുണ്ടൂര്‍, കൊടിഞ്ഞി പാടം വഴി വെഞ്ചാലി കനാല്‍ റോഡിലൂടെ പതിനാറുങ്ങലിലേക്ക് എത്തുന്നതാണ് ബൈപ്പാസ് പദ്ധതി. ഏറെസ്ഥലത്തും റോഡുകള്‍ നിലവിലുള്ളതിനാല്‍ കുറച്ചു സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതായി വരികയുള്ളൂ. റോഡ് വയലിലൂടെ കടന്നുപോകുന്നതിനാല്‍തന്നെ സ്ഥലം ഏറ്റെടുക്കുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. ബൈപ്പാസ് റോഡ് നിലവില്‍ വരുന്നതോടെ കോട്ടയ്ക്കല്‍ പരപ്പനങ്ങാടി ദൈര്‍ഘ്യം ഗതാഗതക്കുരുക്കില്ലാതെ കിലോമീറ്ററുകള്‍ കുറയ്ക്കാനാവും. മാത്രവുമല്ല ചെമ്മാട് ടൗണില്‍ നിലനില്‍ക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാവുകയും ചെയ്യും. പുതിയ ബൈപാസ് തിരൂരങ്ങാടിയുടെ മുഖഛായ മാറ്റുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ ബൈപാസ് നടപ്പിലാക്കുകയെന്നും പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."