നെല്‍ചെടികള്‍ പഴുക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍
കുട്ടനാട്: പ്രളയത്തെ തോല്‍പ്പിച്ച് കൃഷിയിറക്കിയ കര്‍ഷകരെ ആശങ്കയിലാക്കി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ അജ്ഞാതരോഗം വീണ്ടും പടര്‍ന്നുപിടിക്കുന്നു. പലയിടങ്ങളിലും നെല്‍ച്ചെടികള്‍ പഴുത്ത് അലിയുന്ന സ്ഥിതിയാണ്. രോഗമെന്താണെന്ന് അറിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ കൃഷിവകുപ്പ് അധികൃതരും ഇരുട്ടില്‍ തപ്പുകയാണ്.ഏതു മരുന്ന് പ്രയോഗിക്കണമെന്നുപോലും ധാരണയില്ലാത്ത അവസ്ഥയാണ്. കിഴക്കന്‍ വെള്ളത്തോടൊപ്പം എത്തിയ എക്കല്‍ മണ്ണ് പരമ്പരാഗത ഘടനയില്‍ വരുത്തിയ വ്യത്യാസമാകാം രോഗകാരണമെന്നാണ് സംശയിക്കുന്നത്. 50 മുതല്‍ 70 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങളില്‍ പോലും രോഗം വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. പാടശേഖരങ്ങളില്‍ രോഗലക്ഷങ്ങള്‍ കണ്ടപ്പോള്‍ ആദ്യം കര്‍ഷകര്‍ അവഗണിച്ചതും തിരിച്ചടിയായി. നെല്‍ച്ചെടികള്‍ പഴുക്കുന്നതു തടയാന്‍ കൃഷിഭവനുകളില്‍ നിന്നും നല്‍കിയ മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. വളത്തിന്റെ കൂടെ യോജിപ്പിച്ചു മാത്രമേ മരുന്ന് തളിക്കാന്‍ സാധിക്കൂ. ഞാറില്‍ ചൊട്ട വിരിയും മുന്‍പാണ് വളമിടീല്‍ നടത്തേണ്ടത്. എല്ലാ പാടശേഖരങ്ങളിലും വളമിടീല്‍ ആഴ്ചകള്‍ക്കുമുമ്പേ പൂര്‍ത്തിയായിക്കഴിഞ്ഞു.
പാടശേഖരങ്ങളില്‍ അമ്ലാംശം കൂടിയതും പ്രതിസന്ധിയായി. നെല്‍ച്ചെടികള്‍ പഴുക്കുന്നതിനൊപ്പം മഞ്ഞളിപ്പും ഓലകരിച്ചിലും വ്യാപകമാണ്. പുഞ്ചക്കൃഷി ഇറക്കിയ സമയത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാലാണ് അമ്ലാംശം വര്‍ധിക്കാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."