കാലാവസ്ഥ: പകല്‍ പൊള്ളുന്നു; രാത്രി കൂള്‍ കൂള്‍..
അഷറഫ് ചേരാപുരം
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ വീണ്ടും നമ്മെ അലോസരപ്പെടുത്തിത്തുടങ്ങി. പകല്‍ സമയത്ത് കനത്ത ഉഷ്ണവും രാത്രിയില്‍ താരതമ്യേന മോശമില്ലാത്ത തണുപ്പുമുള്ള പ്രത്യേക കാലാവസ്ഥയാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നും വ്യത്യസ്ഥമായി വടക്ക് കടുത്ത ചൂടാണ് പകല്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രി സെല്‍ഷ്യസ് വരേ ഉയര്‍ന്ന ചൂട് മലബാറിന്റെ പകലുകളെ പൊള്ളിക്കുകയാണ്. ജലദൗര്‍ലഭ്യം, കാലാവസ്ഥാജന്യ രോഗങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. പകലിലെ പൊള്ളിക്കുന്ന വെയിലിന് വിപരീതമായി രാത്രി തണുത്ത അന്തരീക്ഷമാണ് പൊതുവെ എല്ലായിടത്തുമുള്ളത്. ഇങ്ങിനെ വിരുദ്ധമായ രണ്ട് കാലാവസ്ഥ വന്നതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ചുമ,ജലദോഷം, ചെറിയ തോതിലുള്ള പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചിരിക്കയാണ്.
കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത കേരളത്തിലെ താപസൂചിക ഉയര്‍ത്തുന്നുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം കടലില്‍ നിന്നുള്ള കാറ്റിന്റെ പ്രവാഹത്തിലുള്ള കുറവും ചൂട് വര്‍ധിക്കാന്‍ കാരണമായി അനുമാനിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ പകല്‍ താപനില ഈ മാസം 24 വരെ കൂടിയ നിലയില്‍ തുടരുമെന്നും അതേസമയം, വെള്ളിയാഴ്ചക്കു ശേഷം തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ സൈറ്റ് പ്രവചിച്ചു. ഈ മാസം 21ന് കടലില്‍ കിഴക്കന്‍ ഭാഗത്തുനിന്നും മണിക്കൂറില്‍ 45നും 55കിലോമീറ്ററിനുമിടയില്‍ വേഗതയേറിയ കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മീന്‍ പിടുത്തക്കാകര്‍ക്കുള്ള മുന്നറിയിപ്പായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സന്ദേശം നല്‍കുന്നുണ്ട്. കാറ്റിന്റെ ഗതിയിലുള്ളമാറ്റം കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം. ഫെബ്രുവരി പകുതിയില്‍ നമുക്ക് അനുഭവിച്ചു തുടങ്ങുന്ന ഉഷ്ണാന്തരീക്ഷം, മാര്‍ച്ച് , ഏപ്രില്‍, മേയ് തുടങ്ങിയ മാസങ്ങളില്‍ തുടരുകയും കഴിഞ്ഞ കാലങ്ങളിലെപ്പോലെ ജൂണില്‍ മഴ തുടങ്ങാതിരിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് വരള്‍ച്ചയും കുടിവെള്ളക്ഷാമവും അതോടനുബന്ധിച്ചുള്ള നിരവധി പ്രശ്‌നങ്ങളും രൂക്ഷമാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."