വെള്ളം ലഭിക്കാതെ വാഴകൃഷി ഉണങ്ങല്‍ ഭീഷണിയില്‍
എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ച, ആവശ്യത്തിന് വെള്ളം ലഭിക്കാതെ വേലൂര്‍ പഞ്ചായത്തില്‍ ആയിരം ഏക്കറിലധികമുള്ള ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷി ഉണങ്ങല്‍ ഭീഷണി നേരിടുന്നു. വേലൂര്‍ പഞ്ചായത്തിലെ തയ്യൂര്‍ പാത്രംമംഗലം പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷിയുള്ളത്.
ഓണ വിപണി ലക്ഷ്യമിട്ട് ആയിരം ഏക്കറിലധികമുള്ള സ്ഥലത്താണ് കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ നേന്ത്രവാഴകള്‍ ഉണങ്ങല്‍ ഭീഷണി നേരിടുകയാണ്. ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന വടക്കാഞ്ചേരി പുഴ കനത്ത വേനലില്‍ വറ്റി വരണ്ടതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വാഴാനി ഡാമില്‍ നിന്ന് തുറന്ന് വിടുന്ന ജലം വടക്കാഞ്ചേരി പുഴയിലെ വിവിധ പ്രദേശങ്ങളില്‍ തടയണ കെട്ടി തടഞ്ഞ് നിര്‍ത്തിയിരിക്കുന്നതാണ് തയ്യൂര്‍, പാത്രമംഗലം മേഖലകളില്‍ പുഴ വറ്റി വരളാന്‍ ഇടയാക്കിയത്.
തടയണയുടെ മുകളിലും ചീര്‍പ്പുകളിലും മണല്‍ചാക്ക് നിരത്തി നീരൊഴുക്ക് പൂര്‍ണമായും തടസപ്പെടുത്തിയിരിക്കുകയാണെന്നും വെള്ളം തുറന്ന് വിടാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളില്‍ നിന്നും വായപയെടുത്താണ് കര്‍ഷകര്‍ കൃഷിചെയതിട്ടുള്ളത്.
ആവശ്യത്തിന് വെള്ള ലഭിച്ചില്ലെങ്കില്‍ അത് കുലകളുടെ വലിപ്പത്തിലും തൂക്കത്തിലും കുറവ് വരുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഓണത്തിനുള്ള ചെങ്ങാലിക്കോടന്‍ കാഴ്ച്ചകുലകള്‍ കൃഷിചെയ്യുന്നതും തയ്യൂര്‍ മേഖലയിലുള്ള കര്‍ഷകരാണ്.
മോഹവിലയാണ് ഇവിടെ കൃഷിചെയതിട്ടുള്ള കുലകള്‍ക്ക് ലഭിക്കാറുള്ളത്. വെള്ളം ലഭിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷത്തിലധികം വരുന്ന നേന്ത്രവാഴകള്‍ ഉണങ്ങി നശിക്കുമെന്ന് ആശങ്കയിലാണ് വേലൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."