കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളുടെ വില്‍പന വ്യാപകമാകുന്നു
കുട്ടനാട്: മനുഷ്യ ശരീരത്തിന് ദോഷകരമാകുന്ന നിരോധിക്കപ്പെട്ട കീടനാശിനികളുടെയും വളങ്ങളുടെയും വില്‍പനയും ഉപയോഗവും കുട്ടനാട്ടില്‍ ഉള്‍പ്പടെ വീണ്ടും സജീവമാകുന്നതായി ആക്ഷേപം ശക്തമാവുന്നു. കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ലാഭക്കൊതിയും അധികൃതരുടെ നിസംഗതയുമാണ് കാര്‍ഷിക വിഭവങ്ങളില്‍ വീണ്ടും വിഷം കലരാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം. നിരോധിത കീടനാശിനികളുടെ വില്‍പന ജില്ലയില്‍ വ്യാപകമായി ഇപ്പോഴും നടക്കുന്നതായാണ് ആക്ഷേപമുണ്ട്. കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് വിത്തും വളവും നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, ഗുണനിലവാരം പോരായെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് 2012 മുതല്‍ കര്‍ഷകര്‍ തന്നെ വളം വാങ്ങിയശേഷം ബില്ലുകള്‍ നല്‍കുന്നതിനുസരിച്ച് പണം നല്‍കുന്ന രീതി നടപ്പാക്കിയത്. ഇതോടെ കര്‍ഷകര്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള വളങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
വളക്കമ്പനികളുടെ പ്രതിനിധികളാണ് പല പാടശേഖരങ്ങളിലും ഏത് വളം ഇടണമെന്ന് തീരുമാനിക്കുന്നത്. വളങ്ങളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ക്ക് ഒരു സ്‌ക്വാഡാണ് കൃഷിവകുപ്പിന് നിലവിലുള്ളത്. ഇതിനാല്‍ യഥാസമയം പരിശോധന നടത്താന്‍ കഴിയുന്നില്ല. മനുഷ്യ ശരീരത്തിന് ഏറെ ദോഷമുണ്ടാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുള്ള ഗ്രാമസോണ്‍, ഫുറഡാന്‍ എന്നിവയുടെ ഉപയോഗമാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയ കീടനാശിനികളും മറ്റും തമിഴ്‌നാട്ടില്‍ നിന്നാണ് ഒട്ടുമിക്ക മരുന്നുകടകളിലേക്കും എത്തുന്നത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പല സമയങ്ങളിലും പരിശോധനകളുണ്ടാകാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ 150-200 രൂപയ്ക്കു ലഭിക്കുന്ന കളനാശിനികളും കീടനാശിനികളും 450-500 രൂപയ്ക്കാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. പച്ചക്കറിയും, തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളും കൊണ്ടുവരുന്ന ലോറികളിലാണ് നിരോധിത വിഷങ്ങള്‍ വ്യാപകമായി എത്തിക്കുന്നത്. നിരോധിത വളങ്ങളും കീടനാശിനികളും ജില്ലയില്‍ പരിശോധിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയിലേക്കുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നതിലുള്ള പൊലിസ് ഉള്‍പ്പടെയുള്ളവര്‍ കാട്ടുന്ന ജാഗ്രതക്കുറവാണ് കീടനാശിനികളും മറ്റും വ്യാപകമായി എത്താന്‍ കാരണമെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."