പ്രളയം: ദുരിതാശ്വാസ സഹായ വാഗ്ദാനങ്ങള്‍ ചുവപ്പുനാടയില്‍
കല്‍പ്പറ്റ: വയനാട് ജില്ലയെ മാത്രമല്ല സംസ്ഥാനത്തെ തന്നെ പ്രളയം വിഴുങ്ങിയിട്ട് ആറ് മാസം പിന്നിട്ടെങ്കിലും ദുരിതാശ്വാസ സഹായങ്ങള്‍ ഇപ്പേഴും പാതിവഴിയില്‍ പോലുമെത്തിയില്ല. ദുരിതാശ്വാസത്തിനായി നിത്യവൃത്തിക്കുള്ള തൊഴിലുകള്‍ പോലും ഉപേക്ഷിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയല്ലാതെ യാതൊരു ഫലവുമില്ലന്നാണ് പ്രളയം ബാധിച്ചവര്‍ പറയുന്നത്. പ്രാരംഭ ഘട്ടങ്ങളില്‍ വില്ലേജ് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കാനും നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനും വന്നല്ലാതെ പിന്നീട് അവരും ഈ വഴിക്ക് വരാതായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസങ്ങളൊന്നും ലഭിക്കാതെ ജില്ലയില്‍ നൂറ് കണക്കിന് ദുരിതബാധിതരാണ് ഇപ്പോഴും കഴിയുന്നത്. ഭയപ്പാടില്ലാതെ തങ്ങളുടെ കുടുംബവുമൊത്ത് അന്തിയുറങ്ങാന്‍ പോലും ഇപ്പോഴും പലര്‍ക്കും ശരിയായ കൂരപോലുമില്ലെന്നതാണ് വസ്തുത. കൂലിപ്പണിയെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ ആനുകൂല്യങ്ങളന്വേഷിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി വീണ്ടും ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഭൂമിയും വീടും നഷ്ടമായവരും വീട്ടുപകരണങ്ങളും കൃഷിയും മറ്റ് ജീവനോപാധികളും നഷ്ടമായവരും സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ കാത്തിരിക്കുകയാണ്. സുഗന്ധഗിരിയില്‍ ഉരുള്‍ പൊട്ടലില്‍ വീട് തകര്‍ന്നവരും പനമരത്ത് പ്രളയത്തില്‍ വ്യാപകമായി കൃഷി നശിച്ച കര്‍ഷകരുമെല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കിയിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ 150 ലധികം പേരാണ് കലക്ട്രേറ്റിലെത്തി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെയായിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. അധികൃതര്‍ സന്ദര്ശനങ്ങളൊഴിച്ച് യാതൊരു പുരോഗമനവും ലഭ്യമാവുന്നില്ലതാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."