ആണ്‍മക്കള്‍ മൂന്ന്: അമ്മിണി അമ്മയ്ക്ക് തല ചായ്ക്കാന്‍ ഒരിടം വേണം
വടക്കാഞ്ചേരി: പോറ്റി വളര്‍ത്തിയ മൂന്ന് ആണ്‍മക്കള്‍ ഉള്ളപ്പോഴും അനാഥത്വത്തിന്റെ വേദനയില്‍ നരകജീവിതം തള്ളി നിക്കേണ്ട ഗതികേടിലാണ് വരവൂര്‍ സ്വദേശിനി മുണ്ടനാട്ട് വീട്ടില്‍ അമ്മിണി അമ്മ. മൂന്ന് ആണ്‍മക്കളേയും ഏറെ ത്യാഗവും ബുദ്ധിമുട്ടും സഹിച്ചാണ് ഈ അമ്മ വളര്‍ത്തിയത്. എന്നാല്‍ വിവാഹവും കുടുംബവും മറ്റ് സുഖ സൗകര്യങ്ങളുമൊക്കെയായപ്പോള്‍ ഇവര്‍ക്ക് വേണ്ടാതായത് അമ്മയെ മാ ത്രമാണെന്ന് അമ്മിണിയമ്മ പറയുന്നു.
മരുമക്കള്‍ തന്നെ മര്‍ദിയ്ക്കാറുള്ളതായും ഭക്ഷണവും, വെള്ളവും നല്‍കാതെ പീഡിപ്പിയ്ക്കാറുള്ളതായും അമ്മിണി അമ്മ പരാതിപ്പെടുന്നു. പണം മാത്രമാണ് മക്കളുടെ ആവശ്യം. വീടുകളില്‍ അടുക്കള പണി ചെയ്ത് കിട്ടുന്ന വരുമാനമെല്ലാം മക്കള്‍ക്ക് വീതിച്ച് നല്‍കി. അവസാനമുണ്ടായിരുന്ന ഒന്‍പത് സെന്റ് സ്ഥലവും വീടും ഒരു മകന്‍ കയ്യടക്കി വെച്ചിരിയ്ക്കുകയാണ്. തന്റെ വേദന മറ്റു മക്കളെ അറിയിച്ചപ്പോള്‍ അവരെല്ലാം തന്നെ ആട്ടിയോടിയ്ക്കുകയായിരുന്നുവെന്നും പൊലിസില്‍ പരാതി നല്‍കിയപ്പോള്‍ ചെറുതുരുത്തി പൊലിസ് തനിയ്ക്ക് നീതി നിഷേധിയ്ക്കുകയും, മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍ കൊണ്ട് ചെന്നാക്കുന്നതിന് നേതൃത്വം നല്‍കുകയായിരുന്നുവെന്നും വയോധിക തലപ്പിള്ളി താലൂക്ക് ലീഗല്‍ അദാലത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലിസ് നിര്‍ബന്ധത്തില്‍ അനാഥാലയത്തില്‍ കഴിഞ്ഞ അമ്മിണി അമ്മയ്ക്ക് ഇവിടത്തെ ജീവിതം നരകതുല്യമായിരുന്നു. മനോവിഭ്രാന്തിയുള്ളവരുടെ ഇടയില്‍ കഴിയേണ്ടിവന്നതോടെ സ്‌നേഹം നല്‍കി താന്‍ വളര്‍ത്തി വലുതാക്കിയ മക്കളെയോര്‍ത്ത് മാത്രമായിരുന്നു ഈ അമ്മയുടെ വേദന. മാനസിക നില തകര്‍ന്നവരുടെ അടിയേറെ കൊണ്ടു ഈ വയോധിക. ഇന്നലെ അമ്മിണി അമ്മയുടെ പരാതി ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ അദാലത്തില്‍ പരിഗണിച്ചപ്പോള്‍ ഏറെ വേദനയോടെയാണ് പരാതി അഭിഭാഷകരും ജഡ്ജിമാരുമൊക്കെ കേട്ടിരുന്നത്. പൊലിസിനെതിരേ വലിയ വിമര്‍ശനം വയോധിക ഉയര്‍ത്തി. പൊലിസ് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ചെറുതുരുത്തി എസ്.ഐ യോടും അമ്മിണിയമ്മയുടെ മൂന്ന് മക്കളോടും ഈ മാസം 17 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ റിട്ട. ജഡ്ജി കെ.ബി സോമന്‍ ആവശ്യപ്പെട്ടു. അന്ന് കേസ് വീണ്ടും പരിഗണിയ്ക്കുമെന്ന് കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."