പൊലിസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ഗുണ്ടക്കെതിരേ വധശ്രമത്തിന് കേസ്
തൃപ്രയാര്‍: വലപ്പാട് വട്ടപ്പരത്തിയില്‍ പൊലിസുകാരനെ കുത്തിപരുക്കേല്‍പ്പിച്ച ഗുണ്ടക്കെതിരേ പൊലിസ് വധശ്രമത്തിന് കേസെടുത്തു. കരയാമുട്ടം സ്വദേശി പെടലി എന്ന പ്രണവിനെതിരേയാണ് വലപ്പാട് പൊലിസ് കേസെടുത്തത്.
വലപ്പാട് പൊലിസ് സ്റ്റേഷനിലെ സി.പി.ഒയും ആന്റി നാര്‍ക്കോട്ടിക് സെല്‍ അംഗവുമായ ടി.ആര് ഷൈനെ ആക്രമിച്ച സംഭവത്തിലാണ് പെടലി പ്രണവി(24)നെതിരേ വധശ്രമത്തിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രി 9 ഓടെ വലപ്പാട് കോതകുളം പടിഞ്ഞാറ് വട്ടപ്പരത്തി ക്ഷേത്രത്തിന് സമീപത്താണ് സി.പി.ഒ ഷൈന്‍ ആക്രമിക്കപ്പെട്ടത്.
പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് വലപ്പാട് എസ്.ഐ മഹേഷ്കുമാര്‍ കണ്ടമ്പേത്തിനൊപ്പം പരിശോധനക്കെത്തിയതായിരുന്നു സി.പി.ഒ ഷൈന്‍. ജീപ്പില്‍ നിന്നിറങ്ങിയ ഷൈന്‍ വഴിയില്‍ നില്‍ക്കുകായിരുന്ന പെടലി പ്രണവ് ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. തൃപ്രയാര്‍ അന്‍സില്‍ വധക്കേസിലെ പ്രതിയായ പെടലി എന്നു വിളിക്കുന്ന പ്രണവാണ് ആക്രമിച്ചത്. കഞ്ചാവ് ഉണ്ടോയെന്നു ചോദിച്ച് ബൈക്ക് തടഞ്ഞുനിര്ത്തിയപ്പോഴായിരുന്നു ആക്രമണം.
സാരമായി പരുക്കേറ്റ ഷൈനിനെ ഉടനെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് കയ്പമംഗലത്തു സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ഇന്നലെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."