കുന്നംകുളത്തെ ടൗണ്‍ഹാള്‍ നവീകരണം പൂര്‍ത്തിയാവുന്നു
കുന്നംകുളം: കുന്നംകുളത്തെ ടൗണ്‍ഹാള്‍ നവീകരണം പൂര്‍ത്തിയാവുന്നു. അവസാനഘട്ട പ്രവര്‍ത്തനങ്ങളിലെ മിനി ഹാള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മാസം അവസാനം കുന്നംകുളം നഗരസഭക്ക് ടൗണ്‍ഹാള്‍ കൈമാറും.
ഏപ്രില്‍ 30 ഓടെ ടൗണ്‍ഹാളിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ടൗണ്‍ഹാള്‍ നവീകരണത്തിനായി 1,06,00000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 60,11,500 നിര്‍മ്മിതിക്ക് ഇതിനോടകം നഗരസഭ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നഗരസഭ സംസ്ഥാന നിര്‍മ്മിതി കേന്ദ്രക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ കൈമാറിയത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. മാസങ്ങളോളം പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ ഇടപെടലിനാല്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായി.
കുന്നംകുളത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ടൗണ്‍ഹാള്‍ നവീകരണം. ഇലക്ട്രിക്ക് വര്‍ക്കുകളും നിലത്ത് ടൈല്‍ വിരിക്കലും പൈന്റിങ്ങും ഉള്‍പ്പടെയുള്ള മറ്റു നവീകരണ പ്രവര്‍ത്തനങ്ങളും ഇതിനോടകം പൂര്‍ത്തിയായി.
ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മിനി ഹാളിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ മാര്‍ച്ച് 31 നു നിര്‍മ്മിതി നഗരസഭയ്ക്ക് കൈമാറുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.
നിര്‍മ്മിതി കേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ സതി ദേവി, സൂപ്പര്‍വൈസര്‍ സുനില്‍കുമാര്‍ സ്ഥിരം സമിതി അംഗങ്ങളും കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."