വനിതാ ഹോസ്റ്റല്‍ നിര്‍മാണോദ്ഘാടനം നാളെ
കുന്നംകുളം: നഗരസഭ 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വനിതാ ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനം നാളെ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.
നഗരസഭ സ്റ്റാഫ് ക്വര്‍ട്ടേഴ്‌സിന് സമീപത്തുള്ള പന്ത്രണ്ടര സെന്റ് സ്ഥലത്ത് 5000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഹോസ്റ്റല്‍ മൂന്നു നിലകളാണുള്ളത്. ഗ്രൗണ്ട് ഫ്‌ലോറില്‍ 1643 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും ഡോര്‍മിറ്ററി ഹാള്‍, മൂന്നു കിടപ്പുമുറികള്‍, ഡൈനിങ്ങ് ഹാള്‍, അടുക്കള, വിശാലമായ ലോബി എന്നിവ ഉള്‍പ്പെടുന്ന നടുമുറ്റത്തോട് കൂടിയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. മുകളിലെ ഓരോ നിലകളിലും ഒന്‍പത് മുറികള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മാണം.
കെട്ടിട നിര്‍മാണത്തിനായി 2016 -17 വര്‍ഷത്തില്‍ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ഘട്ടം ഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കും.
ബാക്കിയുള്ളവ വരും വര്‍ഷങ്ങളില്‍ ഫണ്ട് അനുവദിച്ചു ഈ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ നിര്‍മിക്കും.
മറ്റു ജില്ലകളില്‍ നിന്നായി നിരവധി സ്ത്രീകളാണ് പൊതുമേഖല സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതുവരെയായിട്ടും കുന്നംകുളത്ത് ഇവര്‍ക്ക് സുരക്ഷിതമായി തങ്ങുന്നതിനായി പാര്‍പ്പിട സൗകര്യങ്ങള്‍ ഒന്നും തന്നെ നിര്‍മിക്കാനായിട്ടില്ല.
അതിനാലാണ് നഗരസഭ മുന്‍കൈയെടുത്തു എത്രയും വേഗം കുന്നംകുളത്ത് വനിത ഹോസ്റ്റല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."